ഷൊർണൂർ:

സംസ്ഥാനത്തുടനീളം സി.പി.എമ്മിലെ വിഭാഗീയതക്കിടയാക്കിയ ഷൊർണൂർ ഷോക്ക് വീണ്ടും തലപൊക്കി തുടങ്ങിയെന്ന് സൂചന. ഷൊർണൂർ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി നടന്ന രണ്ട് ഉദ്ഘാടന ചടങ്ങുകളാണ് വിഭാഗീയതക്ക് പുതുനാമ്പായെന്ന സംശയം ഉയർത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച ആശുപത്രിയിലെ നവീകരിച്ച പുരുഷ വാർഡ് ,ഡയാലിസിസ് യൂണിറ്റ്, ആധുനിക ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. പക്ഷെ, എം.പി.ഫണ്ടിൽ നിന്നു കൂടി തുക അനുവദിച്ച ആദ്യ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് എം.പി.നിർവ്വഹിച്ചത്.സംസ്ഥാന സർക്കാരിന്റെ ഫണ്ടായതിനാൽ ലബോറട്ടറിയുടെ ഉദ്ഘാടനം താൻ നിർവ്വഹിക്കുന്നില്ലെന്ന് എം.പി.പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.സംസ്ഥാന സർക്കാർ പ്രതിനിധികളാരെങ്കിലും അതുദ്ഘാടനം ചെയ്യുന്നതാണ് ഉചിതമെന്ന് പറഞ്ഞു വെക്കുകയും ചെയ്തു. ലാബ് ഉദ്ഘാടനത്തിൽ നിന്നും എം.പി.യെ ജില്ലാ മെഡിക്കൽ ഓഫീസർ പിന്തിരിപ്പിക്കുകയായിരുന്നെന്നും ഇതിനായി സമ്മർദ്ധമുണ്ടായെന്നും പറയപ്പെടുന്നു. തിങ്കളാഴ്ച്ചത്തെ ഉദ്ഘാടന ചടങ്ങിലേക്ക് എം.എൽ.എ.യെ ക്ഷണിച്ചിരുന്നെങ്കിലും അസൗകര്യം പറഞ്ഞൊഴിയുകയായിരുന്നെന്ന് അറിയുന്നു. എം.പി.യും എം.എൽ.എ.യും പരസ്പരം കണ്ടാൽ മിണ്ടുകപോലുമില്ലെന്നാണ് പൊതുജന സംസാരം. എന്തായാലും രണ്ട് പേരും ഒരേ പൊതുചടങ്ങിൽ അപൂർവ്വമായി മാത്രമാണ് പങ്കെടുക്കുന്നത് എന്നത് വ്യക്തമാണ്. ലാബ് ഉദ്ഘാടനം ഒഴിവാക്കിയത് പറഞ്ഞപ്പോൾ തന്നെ സദസിലെ പാർട്ടി അനുഭാവികൾ മുറുമുറുപ്പിലായിരുന്നു.ഇത് സംബന്ധിച്ച് സി.പി.എം.ലോക്കൽ കമ്മിറ്റി ചർച്ച നടത്തിയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ.യെയും മറ്റുള്ളവരെയും അറിയിക്കാതെ രഹസ്യമായി ലാബിന്റെ ഉദ്ഘാടനം നടത്തിയതെന്നാണ് അറിയുന്നത്. ഒരു വർഷത്തിലധികമായി പുതിയ ലാബ് കെട്ടിടം പണിതിട്ട്. ആധുനിക ഉപകരണങ്ങളും വൈകാതെയെത്തി. എന്നിട്ടും ഉദ്ഘാടനം നടത്തി ലാബ് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. നഗരസഭയിൽ ചെയർപേഴ്സൺ വി.വിമലയും വൈസ് ചെയർമാൻ ആർ.സുനുവും തമ്മിൽ അകൽച്ചയിലാണ്.നഗരസഭാ കൗൺസിൽ യോഗത്തിൽ ഇരുവരും പോർവിളിയും നടത്താറുണ്ട്.തിങ്കളാഴ്ച്ച എം.പി. പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത സുനു ചൊവ്വാഴ്ച്ച ചെയർപേഴ്സന്റെ ചടങ്ങിൽ പങ്കെടുത്തതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.