കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക കൃഷിനാശം

തുവ്വൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മലയോരത്ത് വ്യാപകനാശം. ഒലിപ്പുഴയുടെ തീരത്തുള്ള നിരവധി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കൃഷിവിളകൾ ദിവസങ്ങളായി വെള്ളത്തിനടിയിലായതിനാൽ ഭൂരിഭാഗവും നശിച്ചു. നാളികേരം, അടക്ക, ജാതി തുടങ്ങിയ നാണ്യവിളകൾ ഒഴുക്കിൽ ഒലിച്ചുപോയി. പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകി. പൊട്ടിയിൽ-ഇരിങ്ങാട്ടിരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വി.സി.ബി കം ബ്രിഡ്ജ് ആഴ്ചകളായി വെള്ളംമൂടിയ നിലയിലാണ്. അക്കരെയെത്താൻ കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. മാതോത്ത് ഒലിപ്പുഴക്ക് കുറുകെയുള്ള കോസ്വേ വെള്ളം കയറിയ നിലയിലാണ്. ദിവസങ്ങളായി വാഹന ഗതാഗതം സ്തംഭിച്ച നിലയിലാണ്. കാൽനടപോലും അപകടം നിറഞ്ഞതാണ്. പാലത്തിന് മുകളിൽ രണ്ടടി വരെ ഉയരത്തിൽ വെള്ളം ഒഴുകുന്നുണ്ട്. നീലാഞ്ചേരി, ആമപ്പൊയിൽ, തേക്കുന്ന്, വലിയട്ട, കിളിക്കുന്ന്, കുണ്ട്ലാംപാടം, മാമ്പുഴ, തരിപ്രമുണ്ട, പായിപ്പുല്ല്, ആലത്തൂർ, മാതോത്ത്, തെക്കുംപുറം, മരുതത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കൃഷിവിളകൾ നശിച്ചിട്ടുണ്ട്. വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയരികിലെ മരം വീണ് പൂളമണ്ണ ഹിറ പബ്ലിക് സ്കൂളി‍​െൻറ ചുറ്റുമതിൽ തകർന്നു. റോഡരികിൽ അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങളുണ്ട്. ഇവ മുറിച്ചു മാറ്റാൻ ഇതുവരെ നടപടിയായിട്ടില്ല. ഫോട്ടോ: തുവ്വൂർ ആലത്തൂരിൽ വെള്ളം കയറിയ കൃഷിയിടങ്ങളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.