മലപ്പുറം: പടിഞ്ഞാറ്റുമുറി-മരവട്ടം റോഡിലൂടെ പഞ്ചായത്ത് അധികൃതരെയും മാലിന്യം തള്ളിയവരെയും ഒരുപോലെ ശപിച്ചാണ് രണ്ടാഴ്ചയായി നാട്ടുകാർ പോകുന്നത്. ചീഞ്ഞളിഞ്ഞ കോഴിമാലിന്യത്തിൽനിന്ന് വരുന്ന മലിനജലം മഴയിൽ സമീപത്തെ കിണറുകളിലേക്ക് ഒലിച്ചിറങ്ങിയിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. കുറുവ പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി വാർഡിലാണ് രണ്ടാഴ്ച മുമ്പ് കോഴിമാലിന്യം തള്ളിയത്. നാട്ടുകാർ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്ത് അധികൃതർ എന്നിവരോട് പരാതിപ്പെെട്ടങ്കിലും കാര്യമുണ്ടായില്ല. ചിത്രങ്ങൾ സഹിതം ആരോഗ്യവിഭാഗം അധികൃതർക്ക് അയച്ചുകൊടുത്തപ്പോൾ പഞ്ചായത്തംഗത്തോട് കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാർക്ക് ലഭിച്ച വിവരം. സമീപത്ത് ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരും പഞ്ചായത്തധികൃതരോടും വാർഡംഗത്തോടും പരാതി പറഞ്ഞു. അമ്പതിലേറെ ചാക്കുകളിലാണ് മാലിന്യം തള്ളിയത്. ഇവ കെട്ടുപൊട്ടി അവശിഷ്ടങ്ങൾ പുറത്തായ നിലയിലാണ്. ഗ്രയ്സ് വാലി, മലബാർ പോളിടെക്നിക്കുകളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾക്ക് മൂക്ക് പൊത്തിയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല. കോഴിമാലിന്യം വളമാക്കി മാറ്റുന്ന സ്ഥാപനം പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോഴിമാലിന്യം റോഡിൽ തള്ളിയതെന്നാണ് പഞ്ചായത്ത് അധികൃതർ കരുതുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാറ്റം സഹിക്കാനാകാതെ വാഹനങ്ങളും നാട്ടുകാരും ഇതുവഴിയുള്ള യാത്രതന്നെ നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.