പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ കുടിശ്ശിക തുകയുടെ ആദ്യഘട്ടം ഒരാഴ്ചക്കകം നൽകുമെന്ന് ഉറപ്പുലഭിച്ചതായി പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ പറഞ്ഞു.
ഒൻപത് മാസമായി മുടങ്ങിയ തുകയുടെ രണ്ട് മാസത്തെ ഗഡുവാണ് ഒരാഴ്ചക്കകം നൽകാമെന്ന് നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഉറപ്പ് നൽകിയത്. ബാക്കി മാസ കുടിശ്ശിക മാർച്ചിൽ തന്നെ വിതരണം ചെയ്യുമെന്നും ചെയർ പേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസമായി മാതൃയാനം പദ്ധതിയുടെ തുക മുടങ്ങിയത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അടിയന്തിര നടപടി.
കരാറെടുത്ത ഡ്രൈവർമാർക്ക് പണം നൽകാൻ കഴിയാതായതോടെ സർവിസ് നിർത്തി വെച്ചിരിക്കുകയാണ് ഡ്രൈവർമാർ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം ) വഴിയാണ് ‘മാതൃയാന’ത്തിന് ഫണ്ട് അനുവദിച്ചിരുന്നത്. എന്നാൽ സമയ ബന്ധിതമായി ഫണ്ട് നൽകാതിരുന്നതോടെയാണ് പദ്ധതി അവതാളത്തിലായത്. ഒരു കിലോമീറ്റർ ദൂരത്തിന് 35 രൂപ നിരക്കിലാണ് ഡ്രൈവർമാർക്ക് നൽകിയിരുന്നത്. പ്രതിമാസം ശരാശരി ഒരു ലക്ഷത്തോളം രൂപയാണ് പൊന്നാനി മാതൃ ശിശു ആശുപത്രി വഴി മാതൃയാനം പദ്ധതിക്ക് നൽകിയിരുന്നത്.
2019ൽ ജില്ലയിൽ പൊന്നാനിയിലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. അമ്മയും കുഞ്ഞും പദ്ധതിയുടെ തുടർച്ചയാണ് ‘മാതൃയാനം’ ആവിഷ്ക്കരിച്ചത്. അമ്മയും കുഞ്ഞും പദ്ധതിയിൽ പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന അമ്മമാർക്ക് യാത്രക്ക് 500 രൂപ നൽകിയിരുന്നു. ഇത് ദീർഘദൂര യാത്രക്ക് പലപ്പോഴും തികഞ്ഞിരുന്നില്ല. ഇതോടെയാണ് മാതൃയാനം പദ്ധതിയിൽ യാത്രക്ക് ടാക്‌സി വാഹനം ഏർപ്പാടാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.