‘അശ്വമേധം’ കുഷ്ഠരോഗ നിർണയ യജ്ഞം നാളെ മുതൽ

മലപ്പുറം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘അശ്വമേധം’ കുഷ്ഠരോഗ നിർണയ യജ്ഞം ജനുവരി ഏഴു മുതൽ 20വരെ ജില്ലയിൽ നടക്കുമെന്ന് ഡി.എം.ഒ ഡോ. ടി.കെ. ജയന്തി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ സന്നദ്ധ പ്രവർത്തകർ വീടുകൾ തോറും സന്ദർശിച്ച് രോഗനിർണയം നടത്തുകയും പൂർണമായും സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ ജില്ലയിൽ രണ്ടു കുട്ടികൾക്ക് അടക്കം 32 പേർക്കാണ് റിപ്പോർട്ട് ചെയ്തത്.

ഭവന സന്ദർശനത്തിലൂടെ രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നൽകുക, രോഗവ്യാപനം തടയുക, സമൂഹത്തിൽ ബോധവത്ക്കരണം വർധിപ്പിക്കുക എന്നിവക്കാണ് മുൻഗണന നൽകുന്നത്. കാമ്പയിന്റെ ഭാഗമായി വീടുതോറും പരിശോധന, സംശയമുള്ള കേസുകളുടെ വിശദമായ ആരോഗ്യപരിശോധന, ആവശ്യമായ ലാബ് പരിശോധന, സൗജന്യ ചികിത്സയിലേക്കുള്ള റഫറൽ സേവനങ്ങൾ എന്നിവ ലഭ്യമാക്കും.

കുഷ്ഠരോഗം പൂർണമായും സുഖപ്പെടുത്താവുന്ന രോഗമാണെന്നും, സമയബന്ധിത ചികിത്സയിലൂടെ വൈകല്യങ്ങൾ ഒഴിവാക്കാനാകുമെന്നും ഡി.എം.ഒ പറഞ്ഞു. രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സാമൂഹിക വിവേചനവും ഇല്ലാതാക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, കൗൺസലിങ് സേവനങ്ങൾ എന്നിവയും നടത്തും.

ആരോഗ്യ വകുപ്പ്, ആയുർവേദം, ഹോമിയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ആശ പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടക്കുക. പൊതുജനങ്ങൾ ക്യാമ്പിൽ സജീവമായി പങ്കെടുക്കുകയും, ശരീരത്തിൽ നിറംമാറ്റം, ഉറച്ച ത്വക്ക് പാടുകൾ, അനുഭൂതിക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പരിശോധനക്ക് വിധേയരാകുകയും വേണമെന്നും ഡി.എം.ഒ അറിയിച്ചു.

ജില്ലതല ഉദ്ഘാടനം മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ എ. ഷിബുലാൽ, ജില്ല എജേക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.പി. സാദിഖ് അലി, അസിസ്റ്റന്റ് ലെപ്രസി ഓഫിസർ പി. രാജൻ എന്നിവരും പങ്കെടുത്തു.

ഭവന സന്ദർശനം ഇങ്ങനെ

ജില്ലയിലെ പത്തു ലക്ഷം വീടുകൾ സന്ദർശിച്ച് രണ്ടു വയസിനു മുകളിൽ പ്രായമുള്ള 49,90,244 പേരെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 15 ആരോഗ്യ ബ്ലോക്കുകളുടെ നേതൃത്വത്തിൽ പരിശീലനം നേടിയ 6430 സന്നദ്ധ അംഗങ്ങൾ ഉൾക്കൊള്ളുന്ന 3215 സംഘം 643 സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ ചിട്ടയായി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Ashwamedham Leprosy Diagnosis Yajna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.