ചോക്കാടൻ പുഴയുടെ ഉത്ഭവസ്ഥാനമായ കുറിഞ്ഞിയമ്പലത്തെ ചോല വറ്റിവരണ്ട നിലയിൽ

മലയോരത്തെ ചോലകൾ വറ്റി; വരൾച്ച നേരത്തെയെത്തുമെന്ന് ആശങ്ക

കാളികാവ്: വേനലിന്റെ തുടക്കത്തിൽ തന്നെ കാട്ടുചോലകൾ വറ്റിവരണ്ടു. വരൾച്ച നേരത്തെയാകുമോ എന്നാശങ്ക. മലയോരത്തിന്റെ ജീവനാഡിയായ കോട്ടപ്പുഴയും ചോക്കാടൻ പുഴയുടെയും ഉത്ഭവസ്ഥാനത്തെ ചോലകൾ വെറും കൽപ്പാതകളായി. നീരൊഴുക്ക് പാടെ നിന്നു. ഇത്തവണ കടുത്ത വരൾച്ച നേരിടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്.

വരൾച്ച പ്രതിരോധിക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. നടപടിയുടെ ഭാഗമായി ടി.കെ കോളനി, ചിങ്കക്കല്ല്, നെല്ലിക്കര വനമേഖലയിലുള്ള ചോലകളിൽനിന്ന് വ്യാപകമായി വെള്ളം പമ്പുചെയ്യുന്നതാണ് ചോലകൾ നേരത്തെ വറ്റാൻ പ്രധാന കാരണം. വനമേഖലയിലെത്തുന്ന ടൂറിസ്റ്റുകൾ ചോല മലിനമാക്കുന്നത് തടയാൻ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കിഴക്കൻ മലയോരത്തിൽ ഏറ്റവും ഉയരത്തിൽ ജനങ്ങൾ താമസിക്കുന്ന ടി.കെ കോളനി, ചിങ്കക്കല്ല് എന്നിവിടങ്ങളിൽ കുടിവെള്ളത്തിനുള്ള ഏക ആശ്രയം കാട്ടുചോലകൾ മാത്രമാണ്. ചോലയിലെ ചെറിയ കുഴികളിൽനിന്ന് കിലോമീറ്ററുകൾ ദൂരത്തേക്ക് പ്ലാസ്റ്റിക് ഹോസുകൾ വഴിയാണ് വീടുകളിൽ കുടിവെള്ളമെത്തുന്നത്.

ഈ ജല സ്രോതസ്സ് മലിനമാക്കുന്നതും വറ്റിപ്പോകുന്നതും മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കും. വനമേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാർഹമാണെങ്കിലും ധാരാളം സഞ്ചാരികൾ ചോലകളിൽ കുളിക്കാനെത്തുന്നുണ്ട്.

ചോക്കാട് വനമേഖലയിലെ കുറിഞ്ഞിയമ്പലം ഭാഗത്തെ കോട്ടപ്പുഴയുടെ ഉദ്ഭവസ്ഥാനത്തെ രണ്ടു ചോലകളാണ് ഒരു തുള്ളി വെള്ളം പോലുമില്ലാതെ വറ്റിവരണ്ടത്. ഈ വർഷം അത്യുഷ്ണം അനുഭവപ്പെടുന്നതിനാൽ ചോലകൾ വറ്റിപ്പോകുന്നത് വേഗത്തിലാണ്. ചോലകൾ വറ്റിയതോടെ കാട്ടാനകൾ ഒരു മാസത്തോളമായി വെള്ളം തേടി കൂട്ടത്തോടെയാണ് നാട്ടിലേക്കിറങ്ങുന്നത്. ചോക്കാട് നാൽപ്പത് സെന്റ്, കുറിഞ്ഞിയമ്പലം ഭാഗങ്ങളിൽ പകൽ സമയത്തും കാട്ടാനകളെത്തുന്നുണ്ട്. വൻതോതിൽ കൃഷിനാശത്തിനും ആളപായത്തിനും കാരണമാകും. ചോക്കാടൻ പുഴയുടെ ഉദ്ഭവ സ്ഥാനമായ ചീച്ചിപ്പാറ ടി.കെ കോളനി ഭാഗങ്ങളിൽ ചോലകളിൽ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും നീരൊഴുക്കുള്ളത്. 

Tags:    
News Summary - The cholas on the hillsides have dried up; there are concerns that the drought will come early.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.