തിരൂർ: കഴിഞ്ഞ ദിവസം അബൂദബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ചമ്രവട്ടം സ്വദേശിനി ബുഷ്റയുടെ വിയോഗത്തോടെ നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ട് തലമുറകൾക്ക് തണലായ ജീവിതമാണ്. നിർധന കുടുംബത്തിലെ അംഗമായിരുന്ന ബുഷറക്ക് ജീവിതത്തിലെ ഏറ്റവും വലിയ തണലായിരുന്നു ചമ്രവട്ടം പാട്ടത്തിൽ കുഞ്ഞാപ്പു ഹാജിയുടെ വീട്.
ബുഷറയുടെ പിതാവും മാതാവും ജോലി ചെയ്തിരുന്ന ഈ വീട്ടിൽ നിന്നാണ് അവരുടെ ജീവിതവും രൂപപ്പെട്ടത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ബുഷറയുടെ കുടുംബത്തിന്റെ താങ്ങും തണലമായിരുന്നു കുഞ്ഞാപ്പു ഹാജിയായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം മാതാപിതാക്കളെ പോലെ തന്നെ ബുഷറയും കുഞ്ഞാപ്പു ഹാജിയുടെ കുടുംബത്തിലെ സഹായിയായി. കുഞ്ഞാപ്പു ഹാജിയുടെ രണ്ടാമത്തെ മകൻ കുഞ്ഞുട്ടി ഹാജിയുടെ മകളായ ബാസില കുട്ടിയായിരിക്കുമ്പോൾ അവരെ സ്വന്തം മകളെപ്പോലെ പരിചരിച്ചതും വളർത്തിയതും ബുഷറയായിരുന്നു.
ജോലി ചെയ്തിരുന്ന വീട്ടിലെ കുഞ്ഞിനെ അമ്മയുടെ കരുതലോടെ വളർത്തിയ ബുഷ്റ, പിന്നീട് ആ കുട്ടി ഉമ്മയായപ്പോൾ അവരുടെ മകനെ പരിചരിക്കാനായി ദുബൈയിൽ എത്തിയിരിക്കെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
ഡോ. ബാസില ഉമ്മയുടെ അസുഖത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയ സമയത്ത് ബുഷറയെ ബാസിലയുടെ ഭർതൃ സഹോദരിയുടെ ദുബൈയിലെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അബൂദബിയിലെ ലിവ ഫെസ്റ്റ് കാണാൻ പോയി തിരിച്ച് വരുമ്പോഴാണ് അപകടം സംഭവിച്ചത്.
ദുബൈയിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ഉൾപ്പെടെ എല്ലാം ഒരുക്കിയിരിക്കെയാണ് ആത്മബന്ധുവിനെപ്പോലെ സ്നേഹിച്ച ബുഷ്റയുടെ വിയോഗ വാർത്ത എത്തിയത്. ബുഷറയുടെ വലിയ സ്വപ്നമായിരുന്ന വീടിന്റെ നിർമാണം പാതിവഴിയിൽ എത്തിയിരിക്കെയാണ് മരണം സംഭവിച്ചത്.
തിരൂർ ചമ്രവട്ടം പരേതരായ കുന്നത്ത് യാഹുവിന്റെയും പാത്തുമ്മുവിന്റെയും മകളാണ് ബുഷറ. തമിഴ്നാട് സ്വദേശി ഫയാസാണ് ഭർത്താവ്. നിസാമുദ്ദീൻ ഏകമകനാണ്. ബുഷ്റയുടെ മയ്യിത്ത് ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തുമെന്ന് കുടുംബം അറിയിച്ചു. രണ്ട് തലമുറകളെ ഒരുപോലെ സ്നേഹത്തോടെ വളർത്തിയ ബുഷ്റയുടെ വേർപാട് വലിയ നോവായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.