മലപ്പുറം: ജില്ലയിൽ പ്രളയ ദുരിതാശ്വാസ പ്രവൃത്തിക്കായുള്ള റോഡ് നിർമാണം പദ്ധതി ഇഴയുന്നു. 13 ബ്ലോക്കുകൾക്ക് കീഴിൽ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന 158 പദ്ധതികളിൽ 13 എണ്ണമാണ് പൂർത്തിയായത്. ഇതിൽ മൂന്നെണ്ണത്തിൽ നടപടികളെല്ലാം കഴിഞ്ഞു. അഞ്ച് പദ്ധതികളിൽ പണി പൂർത്തിയാക്കി ബിൽ സമർപ്പിച്ചു. അഞ്ചെണ്ണം നിർമാണം പൂർത്തിയാക്കി ബിൽ തയാറാക്കുകയാണ്. 43 പദ്ധതികൾ ഗ്രാമപഞ്ചായത്തിൽനിന്ന് ആസ്തി രജിസ്റ്ററും സാക്ഷ്യപത്രവും ലഭിക്കാത്ത കാരണം വൈകുകയാണ്. കുറ്റിപ്പുറം, മങ്കട, കാളികാവ്, തിരൂർ, പെരിന്തൽമണ്ണ, വേങ്ങര, അരീക്കോട് ബ്ലോക്കുകളിലാണ് ആസ്തി രജിസ്റ്ററിന്റെ വിഷയമുള്ളത്. ഇതിൽ വേങ്ങര, അരീക്കോട്, പെരിന്തൽമണ്ണ, കാളികാവ് ബ്ലോക്കുകളിലാണ് കൂടുതൽ.
26 പദ്ധതികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത് കാരണം നീട്ടിവെക്കേണ്ടി വന്നു. കുറ്റിപ്പുറം, കൊണ്ടോട്ടി, മങ്കട, മലപ്പുറം ബ്ലോക്കുകളിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നീട്ടിവെക്കേണ്ടി വന്നത്. 17 എണ്ണമാണ് ടെൻഡർ കഴിഞ്ഞ് കരാറിലേർപ്പെട്ടത്. 13 എണ്ണം ടെൻഡറായി. ആറെണ്ണം ആദ്യ ടെൻഡറിൽ തീരുമാനമാകാതെ വന്നതോടെ റീടെൻഡറിലേക്ക് വെച്ചിരിക്കുകയാണ്. ഒമ്പതെണ്ണം വീതം എസ്റ്റിമേറ്റ് തയാറാക്കാനും ഭരണാനുമതിക്കും സമർപ്പിച്ചിരിക്കുകയാണ്. 13 പദ്ധതികളിൽ മറ്റ് കാരണങ്ങൾ കാരണം നീളുകയാണ്.
എട്ട് പദ്ധതികളിൽ ഒന്നും ആരംഭിച്ചിട്ടില്ല. ബ്ലോക്കുകളിൽ അരീക്കോട്, മലപ്പുറം ബ്ലോക്കുകളിലാണ് കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നത്. 21 വീതം പദ്ധതികളുണ്ട്. താനൂർ -20, തിരൂരങ്ങാടി -14, കാളികാവ് -13, വേങ്ങര-പെരിന്തൽമണ്ണ-കുറ്റിപ്പുറം ബ്ലോക്കുകളിൽ 11 വീതം, വണ്ടൂർ -10, മങ്കട -ഒമ്പത്, നിലമ്പൂർ -ഏഴ്, കൊണ്ടോട്ടി -ആറ്, തിരൂർ ബ്ലോക്ക് -മൂന്ന്, തിരൂർ നഗരസഭ -ഒന്ന് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 2023 മുതലുള്ള പദ്ധതികളുണ്ട്.
ബ്ലോക്കുകൾ പദ്ധതികളുടെ എണ്ണം
അരീക്കോട് 21
മലപ്പുറം 21
താനൂർ 20
തിരൂരങ്ങാടി 14
കാളികാവ് 13
വേങ്ങര 11
പെരിന്തൽമണ്ണ 11
കുറ്റിപ്പുറം 11
വണ്ടൂർ 10
മങ്കട 09
നിലമ്പൂർ 07
കൊണ്ടോട്ടി 06
തിരൂർ 03
തിരൂർ(നഗരസഭ) 01
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.