കാന്തപുരത്തിന്റെ കേരള യാത്ര; നാളെ മുതൽ ജില്ലയിൽ

മലപ്പുറം: കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് ബുധനാഴ്ച അരീക്കോട്ടും വ്യാഴാഴ്ച തിരൂരിലും സ്വീകരണം ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മനുഷ്യർക്കൊപ്പം’ എന്നതാണ് യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

നാടുകാണി ചുരം വഴി ജില്ലയിൽ പ്രവേശിക്കുന്ന യാത്രക്ക് ബുധനാഴ്ച രാവിലെ ഒമ്പതിതിന് എടക്കരയിൽ വരവേൽപ്പ് നൽകും. വൈകീട്ട് അഞ്ചിന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്‍ലിയാരുടെ അധ്യക്ഷതയിൽ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ നേതാക്കൾ ആശംസകൾ നേരും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരൂരിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദേശം നൽകും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. കേരള മുസ്‍ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഊരകം അബ്ദുറഹ്മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്‍ലിയാർ, കെ.കെ.എസ് തങ്ങൾ, മുഹമ്മദ് ഹാജി മൂന്നിയൂർ, കെ.പി. ജമാൽ കരുളായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kanthapuram's Kerala yatra; starts in the district tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.