മലപ്പുറം: കേന്ദ്രസർക്കാറും റെയിൽവേയും ജില്ലയോട് കാണിക്കുന്ന വിവേചനത്തിനെതിരെ പാർലമെൻറ് അംഗങ്ങളുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനൽ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകൾക്ക് ഒരിടത്തും സ്റ്റോപ് അനുവദിക്കാതിരിക്കൽ, നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈനിനോട് നിഷേധാത്മകമായ നിലപാട്, റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാതിരിക്കൽ തുടങ്ങിയ സമീപനങ്ങൾക്കെതിരെ റെയിൽവേ മന്ത്രിക്ക് നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണിത്. അനുകൂല തീരുമാനങ്ങളോ ഉറപ്പോ ലഭ്യമാവാത്തപക്ഷം ജൂലൈ 16ന് എം.പിമാരുടെ റെയിൽവേ ഡിവിഷൻ മാനേജറുടെ ഓഫിസിലേക്ക് ജില്ലയിലെ മറ്റു ജനപ്രതിനിധികളെയും അണിനിരത്തി മാർച്ച് സംഘടിപ്പിക്കും. പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ജില്ല ഭാരവാഹികളായ യു.എ. ലത്തീഫ്, എം.എ. ഖാദർ, എം. അബ്ദുല്ലക്കുട്ടി, അഷറഫ് കോക്കൂർ, സി. മുഹമ്മദലി, പി.എ. റഷീദ്, ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂർ, പി.കെ.സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.