ഷൊർണൂർ: അഞ്ചുദിവസത്തോളം കുടിവെള്ള വിതരണം നടക്കാതിരുന്ന ഷൊർണൂർ ടൗണിൽ ശനിയാഴ്ച വെള്ളമെത്തിയപ്പോൾ ആറാട്ടായി. ഡിവൈ.എസ്.പി ഓഫിസ് റോഡ് ജങ്ഷനിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളമൊഴുകിയതത്രയും റോഡിലൂടെയായിരുന്നു. പൈപ്പ് തുറന്നിട്ട് ടാങ്കുകൾ നിറക്കാനൊരുങ്ങിയ ഉപഭോക്താക്കൾക്ക് വൈകീട്ടുവരെ കാത്തിട്ടും ടാങ്കുകൾ നിറക്കാനായില്ല. ഉച്ചക്ക് ടൗൺ ഭാഗത്ത് കുടിവെള്ള വിതരണം ആരംഭിച്ച ഉടൻതന്നെ പൈപ്പ് പൊട്ടുകയായിരുന്നു. വാട്ടർ അതോറിറ്റി ജോലിക്കാർ സ്ഥലത്തെത്തിയെങ്കിലും പെട്ടെന്ന് ഒന്നും ചെയ്യാനില്ലായിരുന്നു. വിതരണം നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചാൽ അടുത്തദിവസങ്ങളിലും കുടിവെള്ള വിതരണമുണ്ടാവില്ലെന്നതിനാൽ വാൾവ് പൂട്ടാതെ ജീവനക്കാർ പിന്മാറി. ഇക്കാരണത്താലാണ് വൈകീട്ട് വരെ റോഡിൽ വെള്ളമൊഴുകിയത്. പണി നടന്നില്ലെങ്കിൽ ഇനിയും രണ്ടോ മൂന്നോ ദിവസം ടൗൺ മേഖലയിൽ കുടിവെള്ള വിതരണമുണ്ടാവില്ല. ഇടക്കിടെ പമ്പിങ് മോട്ടോർ തകരാറാകുന്നതാണ് ജനരോഷമുയരുന്നതിന് വഴിവെക്കുന്നത്. മോട്ടോറുകൾക്ക് കാലപ്പഴക്കം ഏറെയുണ്ടായിട്ടും പുതിയവ വാങ്ങാൻ ഫണ്ട് അനുവദിക്കാത്തതാണ് കുടിവെള്ള പ്രശ്നം പതിവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.