പാലക്കാട് നഗരസഭ: അപ്രതീക്ഷിത ട്വിസ്​റ്റ്

*വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം വോട്ട് അസാധുവാക്കി, യു.ഡി.എഫിന് ജയം പാലക്കാട്: നഗരസഭയില്‍ വികസന, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞടുപ്പില്‍ അപ്രതീക്ഷിത വഴിത്തിരിവ്. നറുക്കെടുപ്പ് പ്രതീക്ഷിച്ച വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൗൺസിലർ വോട്ട് അസാധുവാക്കിയതോടെ യു.ഡി.എഫ് വിജയിച്ചു. ഇതോടെ ഒന്നൊഴികെ എല്ലാ സ്ഥിരംസമിതികളും പ്രതിപക്ഷത്തി​െൻറ നിയന്ത്രണത്തിലായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായി എ. സഹീദയും വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷയായി കെ. സുഭദ്രയും തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതംഗ വികസനകാര്യ സ്ഥിരംസമിതിൽ ബി.ജെ.പി, യു.ഡി.എഫ് കക്ഷികൾക്ക് നാലും സി.പി.എമ്മിന് ഒരംഗവുമാണുള്ളത്. സി.പി.എം വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പ് പ്രതീക്ഷിച്ചു. എന്നാൽ, ബി.ജെ.പിക്ക് ഇരുട്ടടിയായി ശെൽവപാളയം കൗൺസിലർ എസ്.പി. അച്യുതാനന്ദൻ വോട്ട് അസാധുവാക്കിയതോടെ യു.ഡി.എഫിന് കാര്യങ്ങൾ എളുപ്പമായി. ബി.ജെ.പി കൗൺസിലർ ബാലറ്റ് പേപ്പറിൽ പേരും ഒപ്പുമിടാത്തതിനാലാണ് വോട്ട് അസാധുവായത്. ബി.ജെ.പി ബേബിയെ മത്സരിപ്പിച്ചപ്പോൾ മുസ്ലിം ലീഗ് അംഗം എ. സഹീദയെയാണ് യു.ഡി.എഫ് മത്സരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫ് വിജയിച്ചു. കോൺഗ്രസ് കൗൺസിലർ കെ. സുഭദ്രയാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി -മൂന്ന്, യു.ഡി.എഫ് -നാല്, സി.പി.എം -ഒന്ന് എന്നിങ്ങനെയായിരുന്നു വിദ്യാഭ്യാസ സ്ഥിരംസമിതിയിലെ അംഗനില. സി.പി.എം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സഹീദ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ പേരിന് മുകളില്‍ ഇനീഷ്യല്‍ എഴുതിയെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ ബഹളം കൂട്ടിയെങ്കിലും വരണാധികാരി ഇത് പ്രശ്‌നമില്ലെന്ന് അറിയിച്ചതോടെ ആ നീക്കവും പാളി. ബി.ജെ.പി കൗൺസിലർമാർ വരണാധികാരികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്. കൗൺസിലർക്ക് സസ്പെൻഷൻ പാലക്കാട്: വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ കൗൺസിലർ എസ്.പി. അച്യുതാനന്ദനെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് അറിയിച്ചു. അഖിലേന്ത്യ നേതൃത്വത്തി​െൻറ തീരുമാന പ്രകാരമാണ് നടപടിയെന്നും സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനവിരുദ്ധ നിലപാടിനേറ്റ തിരിച്ചടി -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: ബി.ജെ.പി നഗരസഭ ഭരണത്തി‍​െൻറ ജനവിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണ് സ്ഥിരംസമിതി തെരഞ്ഞെടുപ്പ് ഫലമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍. ബി.ജെ.പി അംഗം വോട്ട് അസാധുവാക്കിയതിന് പിന്നില്‍ ഭരണകക്ഷിയിലെ ചേരിപ്പോരാണ്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നഗരഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ സി.പി.എം ഒളിച്ചുകളി തുടരുകയാണ്. ബി.ജെ.പി ജയിക്കാന്‍ സാധ്യതയൊരുക്കി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന സി.പി.എം നിലപാട് പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.