കിൻഫ്രയിലേക്ക് മലമ്പുഴ വെള്ളം: പുനഃപരിശോധിക്കുമെന്ന് മന്ത്രി

പാലക്കാട്: മലമ്പുഴ ഡാമിലെ വെള്ളം വിതരണം ചെയ്യുന്നതിൽ ജലസേചനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കിൻഫ്ര വ്യവസായ പാർക്കിലേക്ക് ഡാമിൽനിന്ന് വെള്ളം നൽകാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കും. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്ന് അറിയില്ല. ഏതായാലും ഈ സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും മലമ്പുഴ ഡാമിലെ വെള്ളം കർഷകർക്കും കുടിവെള്ളത്തിനുമാണെന്നാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ടൗൺഹാളിൽ നടന്ന നെൽകർഷക- സഹകരണ സംഘം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.പി.എം നിലപാട് വ്യക്തമാക്കണം --വി.ടി. ബൽറാം പാലക്കാട്: കിൻഫ്ര വ്യവസായ മേഖലയിലേക്ക് മലമ്പുഴ വെള്ളം നൽകുന്നതിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് വി.ടി. ബൽറാം എം.എൽ.എ. കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമരസമിതി സംഘടിപ്പിച്ച സർവകക്ഷി യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതി നടപ്പാക്കിയാൽ ജില്ലയുടെ കാർഷിക മേഖല തകരുമെന്ന് മുൻ എം.പി വി.എസ്. വിജയരാഘവൻ അഭിപ്രായപ്പെട്ടു. സി.പി.എം, സി.പി.ഐ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ ജി. ശിവരാജൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷക സംഘടന ഭാരവാഹികൾ, കർഷക തൊഴിലാളി സംഘടന നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, യുവജന സംഘടന പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.