നിലമ്പൂർ: ആദിവാസി കുടുംബങ്ങൾ ഏറെയുള്ള നിലമ്പൂർ മേഖലയിൽ ജില്ല ആശുപത്രിയിൽ പട്ടികജാതി-പട്ടികവർഗക്കാർക്ക് പ്രത‍്യേക വിശ്രമകേന്ദ്രം ഒരുക്കാൻ വെള്ളിയാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനാണ് ഇക്കാര‍്യമറിയിച്ചത്. ഇതിന് ആവശ‍്യമായ ഫണ്ട് ജില്ല പഞ്ചായത്ത് അനുവദിക്കും. സ്തനാർബുദരഹിത പദ്ധതിയുടെ ഭാഗമായി രോഗനിർണയം നടത്താനുള്ള സംവിധാനം ഒരുക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിക്കും. ആശുപത്രി വളപ്പിലെ മാലിന‍്യം നീക്കാത്തത് പുതിയ കെട്ടിടനിർമാണത്തെ ബാധിച്ചിട്ടുണ്ട്. മാലിന‍്യം നീക്കംചെയ്യാൻ ഏജൻസികൾ കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും മാലിന‍്യം തള്ളാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ നടപടി വൈകുകയാണ്. സ്ഥലം ലഭ‍്യമാകുന്ന മുറക്ക് മാലിന‍്യം നീക്കംചെയ്ത് കെട്ടിടനിർമാണം വേഗത്തിലാക്കും. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറുമായി ബന്ധപ്പെട്ട കരാർ ലഭ‍്യമല്ലാത്ത സാഹചര‍്യത്തിൽ പുതിയ കരാറുണ്ടാക്കി പ്രവർത്തനം കാര‍്യക്ഷമമാക്കും. ആശുപത്രിക്ക് അനുവദിച്ച ആംബുലൻസുകളിലൊന്ന് മാർച്ച് പത്തിന് എത്തിക്കും. കാലതാമസം കൂടാതെ രണ്ടാമത്തെ ആംബുലൻസും എത്തിക്കും. രോഗികൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്നത് പുരോഗതിയിലാണ്. അത‍്യാഹിത വിഭാഗത്തിലെ തിരെക്കാഴിവാക്കാൻ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. കോടതി ഉത്തരവിന് വിധേയമായി വനിത നീതി സ്റ്റോറിന് നൽകാനുള്ള കുടിശ്ശികയും നൽകും. 2017-18 കാലയളവിൽ ജില്ല ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ നൽകിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന് പി.വി. അൻവർ എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷവും ലഭിച്ചിട്ടുണ്ട്. എച്ച്.എം.സി യോഗത്തിൽ ജില്ല പഞ്ചായത്ത് ആരോഗ‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷേർളി വർഗീസ്, ഒ.ടി. ജയിംസ്, സെറീന മുഹമ്മദാലി, എച്ച്.എം.സി അംഗങ്ങളായ കെ.ടി. കുഞ്ഞാൻ, പി.ടി. ഉമ്മർ, ആര‍്യാടൻ ഷൗക്കത്ത്, ആർ. പാർഥസാരഥി, ബിജു കനകകുന്നേൽ, ജോർജ് തോമസ്, അഡ്വ. രമേശ്, കെ. റഹീം, ജസ്മൽ പുതിയറ, ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.