സ്വകാര‍്യ ബസ് പണിമുടക്ക്: മലയോര മേഖലയിൽ ദുരിതം

നിലമ്പൂർ: സ്വകാര‍്യ ബസുടമ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം മലയോര മേഖലയെ ദുരിതത്തിലാക്കി. നിലമ്പൂർ താലൂക്കിൽ 173 സ്വകാര‍്യ ബസുകൾ 586 സർവിസുകളാണ് നടത്തുന്നത്. മുഴുവൻ ബസുകളും നിരത്തിലിറങ്ങാതെ സമരത്തിൽ പങ്കെടുത്തു. ഇതോടെ ദൂരയാത്രക്കാർ ദുരിതത്തിലായി. ബസ് ഇല്ലാതെ വന്നത് കച്ചവട സ്ഥാപനങ്ങളേയും ബാധിച്ചു. നിലമ്പൂർ നഗരസഭയിൽ ഉൾെപ്പടെ ചില വ‍്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തുറന്നവയിൽ കച്ചവടവും കുറഞ്ഞു. അതേസമയം, വിദ‍്യാലയങ്ങൾ സാധാരണ ദിവസങ്ങളെ പോലെ തന്നെ പ്രവർത്തിച്ചു. സ്കൂൾ ബസുകളിലും ചെറിയ വാഹനങ്ങളിലുമായി കുട്ടികളും അധ‍്യാപകരും സ്കൂളിലെത്തി. നിലമ്പൂർ ഡിപ്പോയിലെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങിയത് യാത്രക്കാർക്ക് ആശ്വാസമേകി. രണ്ട് ജൻറം ബസ് ഉൾെപ്പടെ 44 കെ.എസ്.ആർ.ടി.സി ബസുകൾ നിലമ്പൂർ ഡിപ്പോയിൽനിന്നും സർവിസ് നടത്തി. കൂടാതെ നിലമ്പൂർ-മുണ്ടേരി, മഞ്ചേരി-പാലേമാട്, വഴിക്കടവ്-മഞ്ചേരി റൂട്ടുകളിൽ മൂന്ന് അധിക സർവിസും നടത്തി. സമരം തുടരുകയാണെങ്കിൽ ഡിപ്പോയിൽനിന്നും കൂടുതൽ അധിക സർവിസ് നടത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.