അരീക്കോട്: സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കടുങ്ങല്ലൂരിലെ ബ്രിട്ടീഷ് നിർമിത ഇരുമ്പുപാലം ചരിത്ര സ്മാരകമാകേണ്ടതിന് പകരം അവഗണനയുടെ ബാക്കിപത്രമായി തകർച്ചയിലേക്ക്. ബ്രിട്ടീഷ് ഇന്ത്യയിലെ ചെറിയ നിർമിതികൾ പോലും ചരിത്രാവശേഷിപ്പുകളായി സംരക്ഷിക്കപ്പെടുമ്പോൾ മികവുറ്റ നിർമാണ വൈഭവത്തിെൻറ ഉദാത്ത മാതൃകയായ കടുങ്ങല്ലൂർ ഇരുമ്പുപാലം ഇന്നും അവഗണന പേറുകയാണ്. നിലമ്പൂരിൽ നിന്നുള്ള ചരക്കു ഗതാഗതത്തിനും മലബാർ സ്പെഷൽ പൊലീസിെൻറ ആസ്ഥാനമാണ് അരീക്കോടു എന്നുള്ള നിലക്കുമാണ് വീതിയേറിയ കടുങ്ങല്ലൂർ തോടിനു കുറുകെ 1939ൽ തദ്ദേശവാസികളുടെ സഹായത്തോടെ ബ്രിട്ടീഷ് ഗവൺമെൻറ് ഫറോക്ക് മാതൃകയിൽ പാലം നിർമിച്ചത്. അണക്കെട്ട് നിർമാണത്തിന് പണ്ടുകാലത്ത് നിർമിച്ചിരുന്ന സാങ്കേതിക രീതി ഇവിടെയും പ്രയോഗിച്ചിട്ടുണ്ട്. ചുണ്ണാമ്പും ശർക്കരയും ചെങ്കല്ലിെൻറ പൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം ഒഴിച്ചാണത്രെ പാലത്തിെൻറ തൂണുകളുടെയും പാർശ്വഭാഗങ്ങളുടെയും നിർമാണം. അതുകൊണ്ടുതന്നെ കല്ലുകൾ വേറിട്ട് അടർന്ന് പോരുന്ന പതിവ് കാഴ്ച 70 ആണ്ടിെൻറ പഴക്കമുണ്ടായിട്ടും ഇതിൽ കാണുന്നില്ല. അരീക്കോട്-തിരൂരങ്ങാടി സംസ്ഥാനപാതയിൽ അരീക്കോട് പഞ്ചായത്തിെൻറയും കുഴിമണ്ണ പഞ്ചായത്തിെൻറയും അതിർത്തിയിലാണ് കടുങ്ങല്ലൂർ ഇരുമ്പുപാലം സ്ഥിതിചെയ്യുന്നത്. 2008ൽ പഴയപാലത്തിന് സമാന്തരമായി പുതിയപാലം വന്നതോടെ വാഹന ഗതാഗതം പഴയ പാലത്തിലൂടെ ഇല്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. പാല൦ അറ്റകുറ്റപ്പണികൾ ചെയ്ത് കാഴ്ചാസുഖം നൽകി സംരക്ഷിക്കുന്നതിന് ഒരു അസൗകര്യവും നിലവിലില്ല. പെയിൻറിങ് പോലും നടത്താതെ ഇരുമ്പു മുഴുവൻ തുരുമ്പെടുത്തു പോകുന്ന പാലത്തിെൻറ നിലവിലെ അവസ്ഥ ചരിത്ര ബോധമുള്ളവർക്ക് വേദന നൽകുന്ന കാഴ്ചയാണ്. ഈ ചരിത്ര സ്മാരകത്തെ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്തേണ്ടതുണ്ട്. അതിന് ജനപ്രതിനിധികളും അധികാരികളും ഉണർന്നു പ്രവർത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.