എം.ജി.ആർ ജന്മശതാബ്ദി: തമിഴ്നാട്ടിൽ 1600 തടവുകാരുടെ മോചനത്തിന് കളമൊരുങ്ങുന്നു കോയമ്പത്തൂർ: എം.ജി.ആർ ജൻമശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1600ഒാളം തടവുകാരെ ശിക്ഷയിൽ പ്രത്യേക ഇളവ് നൽകി വിട്ടയക്കാൻ തീരുമാനം. ഡിസംബർ 31ന് ഡിണ്ടുഗല്ലിൽ നടന്ന എം.ജി.ആർ ജൻമശതാബ്ദിയാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു. വിട്ടയക്കാനുള്ള മാനദണ്ഡങ്ങൾ വിശദീകരിച്ച് ഫെബ്രുവരി ഒന്നിന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2018 ഫെബ്രുവരി 25ന് പത്തുവർഷത്തെ തടവ് പൂർത്തിയാക്കിയവർ, അഞ്ചു വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച 60 വയസ്സ് കഴിഞ്ഞ തടവുകാർ, 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചവർ, കാഴ്ചശക്തി നഷ്ടപ്പെട്ടവർ, മരണത്തെ അഭിമുഖീകരിക്കുന്ന രോഗബാധിതരായവർ തുടങ്ങിയവരെയാണ് പരിഗണിക്കുക. വർഗീയ, തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടവർ, ലൈംഗിക പീഡനകേസുകളിൽ ശിക്ഷിക്കപ്പെട്ടവർ തുടങ്ങിയവർ അർഹരല്ല. സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പൊലീസ് െഎ.ജിയുടെ നേതൃത്വത്തിൽ ഉന്നത ജയിലധികൃതർ ഉൾപ്പെട്ട കമ്മിറ്റിയാണ് മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക തയാറാക്കുക. ജില്ല പൊലീസ് സൂപ്രണ്ടിെൻറ നേതൃത്വത്തിൽ ജില്ലതല സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. ഇവർ തടവുകാരുടെ പട്ടിക തയാറാക്കി ജയിൽവകുപ്പിന് അയക്കും. ചെന്നൈ പുഴൽ ജയിലിൽ മാത്രം 2,200 ശിക്ഷിക്കപ്പെട്ട തടവുകാരുണ്ട്. ഇതിന് പുറമെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള ഒമ്പത് സെൻട്രൽ ജയിലുകളിൽ മൊത്തം 3900 ശിക്ഷിക്കപ്പെട്ട തടവുകാരുണ്ട്. ഒമ്പത് വർഷം മുമ്പ് അന്നത്തെ ഡി.എം.കെ സർക്കാർ 1405 തടവുകാരെ വിട്ടയച്ചിരുന്നു. ഇതിനുശേഷം ഇപ്പോഴാണ് തടവുകാരെ മോചിപ്പിക്കാൻ നടപടി ഉണ്ടാവുന്നത്. കോയമ്പത്തൂർ സ്ഫോടനക്കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നൂറിലധികം മുസ്ലിം തടവുകാർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇതിൽ നിരവധിപേരുടെ തടവുകാലം 20 വർഷം കഴിഞ്ഞുവെങ്കിലും ഇവർ പരിഗണിക്കപ്പെടില്ലെന്നാണ് സൂചന. ഇവരുടെ മോചനമാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകൾ കഴിഞ്ഞ കുറെക്കാലമായി തുടർ സമരപരിപാടികൾ നടത്തുന്നുണ്ട്. (കെ. രാജേന്ദ്രൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.