പാലക്കാട്: വേനലിെൻറ വരവറിയിച്ച് ജില്ലയിൽ ചൂടുകാലം തുടങ്ങി. തിങ്കളാഴ്ച വരെ തണുപ്പും കാറ്റും അനുഭവപ്പെട്ടെങ്കിലും ചൊവ്വാഴ്ച കാലാവസ്ഥ മാറി. പാലക്കാട് നഗരത്തിൽ ചൂട് 35 ഡിഗ്രിവരെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ 28-30 ഡിഗ്രിയായിരുന്ന താപനിലയാണ് പെട്ടെന്ന് ഉയർന്നത്. എന്നാൽ, ചൂട് ഉയർന്നതോടെ പാലക്കാട് പല പ്രദേശങ്ങളിലും ചെറിയ മഴ ലഭിച്ചു. നഗരം, കുഴൽമന്ദം, മലമ്പുഴ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചപ്പോൾ കിഴക്കൻ മേഖലയിൽ ചാറ്റൽമഴ പെയ്തു. അപ്രതീക്ഷിത മഴ പൂത്തുനിൽക്കുന്ന മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾക്ക് തിരിച്ചടിയാണ്. പെട്ടെന്ന് അന്തരീക്ഷ താപനില ഉയർന്നതാണ് മഴക്ക് കാരണമെന്ന് വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളിലൊന്നാണ് പാലക്കാട് ജില്ല. പാലക്കാട് നഗരത്തിലും കിഴക്കൻ മേഖലയിലുമാണ് ചൂട് രൂക്ഷമാകുക. വേനൽക്കാലമെത്തുന്നതോടെ പലയിടത്തും കുടിവെള്ള പ്രശ്നവും രൂക്ഷമാകും. സൂര്യാതപവും വരൾച്ചയും തടയാൻ അധികൃതർ മുന്നൊരുക്കമെടുത്തിട്ടുണ്ട്. ജലക്ഷാമം: സമഗ്ര വിവരം തയാറാക്കാൻ കലക്ടറുടെ നിർദേശം പാലക്കാട്: ജില്ലയിലെ ജലക്ഷാമം സംബന്ധിച്ച സമഗ്ര വിവരം തയാറാക്കാൻ കലക്ടർ ഡോ. പി. സുരേഷ് ബാബു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വരൾച്ച കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. വരൾച്ചയുമായി ബന്ധപ്പെട്ട് സമഗ്രവിവരത്തിെൻറ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളാവും സ്വീകരിക്കുക. ജില്ലയിലെ കിണറുകൾ, ഡാമുകൾ ഉൾപ്പെടെയുള്ള ജലസംഭരണികളിലെ നിലവിലെ ജലനിരപ്പ്്, ഭൂഗർഭ ജലനിരപ്പ്, അന്തർനദീജല കരാർപ്രകാരം ലഭ്യമാകുന്ന ജലം തുടങ്ങിയവയാണ് സമഗ്രവിവരങ്ങളിൽ ഉൾപ്പെടുക. റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. ജില്ലയിൽ ആദിവാസി മേഖലയിൽ ഉൾപ്പെടെ 600 ജല കിയോസ്ക്കുകളുടെ പരിപാലനം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് കലക്ടർ ആവശ്യപ്പെട്ടു. ഇത്രയും എണ്ണം ആവശ്യമുണ്ടോയെന്നും പരിശോധിക്കും. അട്ടപ്പാടി ഉൾപ്പെടെ ആദിവാസി മേഖലകളിലെ മലയോര പ്രദേശങ്ങളിലെ ഉൗരുകൾ കേന്ദ്രീകരിച്ച് കിയോസ്ക്കുകളുടെ ആവശ്യകത പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി. കടുത്ത വരൾച്ച അനുഭവപ്പെടുന്ന ചിറ്റൂർ ബ്ലോക്കിലെ വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകളിൽ ജലചൂഷണം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്നുകാലി വളർത്തൽ സജീവമായ പ്രദേശങ്ങളും വരൾച്ച കാലികളെ കൂടുതലായി ബാധിക്കുന്ന പ്രദേശങ്ങളും പരിശോധന വിധേയമാക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഫെബ്രുവരി 26ന് സിവിൽ സ്റ്റേഷനിൻ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട മോക്ഡ്രിൽ നടത്തും. യോഗത്തിൽ ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ജയചന്ദ്രൻ, അന്തർസംസ്ഥാന നദീജല കരാർ ജോയൻറ് ഡയറക്ടർ പി. സുധീർ, ഭൂഗർഭ ജലവകുപ്പ്, ജില്ല ഓഫിസർ തോമസ് സ്കറിയ, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസർ ഡോ. ബാബു എബ്രഹാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എ. നാസർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.