പെരിന്തൽമണ്ണ: സ്ത്രീപീഡന കേസിൽ അറസ്റ്റിലായ യുവാവ് നിരവധി പണം തട്ടിപ്പ് കേസിലും പ്രതിയാണെന്ന് തെളിഞ്ഞു. കാസർകോട് മൂളിയാർ സുൽത്താൻ മൻസിലിൽ മുഹമ്മദ് അൻസാറാണ് (24) സത്രീപീഡനത്തിനും പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലും അറസ്റ്റിലായത്. യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച ശേഷം ആഭരണങ്ങൾ പണയംവെച്ച് മുങ്ങിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പരാതിയും പുറത്തറിയുന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് മൈസൂരു സബ് അർബൻ ബസ്സ്റ്റാൻഡിൽ കഴിഞ്ഞദിവസം അൻസാറിനെ അറസ്റ്റ് ചെയ്തത്. വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയാണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ അവസരം വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവാക്കളെയും യുവതികളെയും വലയിലാക്കും. ഇരകളെ ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിൽ ആഡംബര ഹോട്ടലിലെത്തിച്ച് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. സ്ത്രീകളുമായി അടുപ്പമായാൽ അവരുടെ സ്വർണം അവരെകൊണ്ടുതന്നെ പണയം വെപ്പിച്ചാണ് പണം കൈവശമാക്കുക. മുക്കത്തുള്ള രണ്ട് യുവാക്കളിൽനിന്ന് തെലുങ്ക് സിനിമയിലും നടൻ അല്ലു അർജുെൻറ കൂടെയും അഭിനയിക്കാൻ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം തട്ടിെയടുത്തു. കോഴിക്കോടുള്ള രണ്ട് കുടുംബത്തിൽനിന്ന് മക്കളെ സനിമയിൽ ബാലതാരമാക്കാമെന്ന് പറഞ്ഞ് 10,000 രൂപ വീതവും കൈക്കലാക്കി. കോഴിക്കോട്, ബത്തേരി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, മൂന്നാർ, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലുള്ളവരിൽനിന്ന് സിനിമയിൽ അഭിനയിപ്പിക്കാനായി പണവും സ്വർണവും കൈവശപ്പെടുത്തിയതായി പൊലീസ് പറയുന്നു. താമസിച്ച ഹോട്ടലിൽനിന്ന് പണം വാങ്ങി സ്ഥലം വിട്ടതായി പരാതിയുണ്ട്. നിരവധി മൊബൈൽ സിം കാർഡുകളും ഫേസ്ബുക്ക് അക്കൗണ്ടുകളുമുള്ള യുവാവ് ഇതിലൂെടയാണ് ഇരകളെ വശീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.