ദുരിതബാധിതർക്ക് സഹായഹസ്​തവുമായി കോട്ടക്കൽ; തനത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ കൈമാറും

കോട്ടക്കൽ: തനത് ഫണ്ടിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാൻ തീരുമാനിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയായി കോട്ടക്കൽ. സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തവുമായി നഗരസഭ രംഗത്ത്. തനത് ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈമാറുമെന്ന് ചെയർമാൻ കെ.കെ. നാസർ പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിലെ പദ്ധതികൾക്കായി നീക്കിവെച്ച തുകയിൽനിന്ന് അത്യാവശ്യമുള്ളവ ഒഴികെ മാറ്റിവെച്ചാണ് ദുരിതബാധിതരെ സഹായിക്കാനുള്ള തുക വകയിരുത്തുന്നത്. ആദ്യഗഡുവെന്ന നിലയിലാണ് 10 ലക്ഷം രൂപ നൽകുന്നത്. ആവശ്യമെങ്കിൽ ഇനിയും തുക നൽകാനാണ് നഗരസഭയുടെ തീരുമാനം. തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നേരിട്ട് തുക കൈമാറും. ഈ തുക കൂടാതെ നഗരസഭ ജീവനക്കാരും ജനപ്രതിനികളും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നുണ്ട്. പ്രളയവും ഉരുൾപൊട്ടലും കാരണം ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളും ദുരിതങ്ങളും കാണുമ്പോൾ മുഖം തിരിച്ചു നഗരസഭക്ക് സാധിക്കില്ലെന്നും അതിനാലാണ് മറ്റു പ്രയാസങ്ങൾ സഹിച്ചും നഗരസഭ തുക വകയിരുത്താൻ തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വാർത്തസമ്മേളനത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. ഉസ്മാൻ കുട്ടി, സാജിദ് മങ്ങാട്ടിൽ, പ്രതിപക്ഷ നേതാവ് ടി.പി. സുബൈർ, കൗൺസിലർ കോയാപ്പു, ഹെൽത്ത് ഇൻസ്പെക്ടർ ഷജിൽ കുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.