കർണാടകയിലെ പൂകർഷകർക്ക് കണ്ണീർകാലം

നിലമ്പൂർ: ശക്തമായ മഴയെ തുടർന്ന് കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കർണാടകയിലെ പൂകർഷകരെയും കണ്ണീരിലാഴ്ത്തി. ഓണക്കാലം കർണാടകയിലെ പൂകർഷകരുടെയും സമൃദ്ധിയുടെ നാളുകളാണ്. മലയാളിയുടെ തിരുമുറ്റത്ത് വിരിയുന്ന അത്തപൂക്കളത്തിന് 85 ശതമാനവും ഇറക്കുമതി പൂക്കളായിരുന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള പൂകൃഷി പ്രധാനമായും കേരള വിപണി ലക്ഷ‍്യമാക്കിയുള്ളതാണ്. ഈ സമയത്ത് കർണാടകയിലെ ഗുണ്ടൽപേട്ട് മുതൽ ബേരമ്പാടി വരെ പൂക്കളുടെ വർണക്കാഴ്ചയാണുണ്ടാവുക. പീതവർണത്തിലുള്ള സൂര്യകാന്തിയും ചെമപ്പും മഞ്ഞയും കലർന്ന ചെണ്ടുമല്ലി പൂക്കളും ഇവിടെ മനോഹര കാഴ്ചവിരുന്നാണ്. ഇത്തവണയും നോക്കെത്താദൂരത്തോളം പൂപ്പാടങ്ങൾ കാണാമായിരുന്നു. കേരളക്കരയെ അപ്പാടെ പ്രളയം മൂടിയപ്പോൾ അകലെയുള്ള പൂകർഷകരുടെ മനസ്സിലും കാർമേഘം നിറഞ്ഞു. ഓണവിപണി ലക്ഷ്യമാക്കി ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേക്ക് പൂകൃഷിയിറക്കിയ മദനുണ്ടിയിലെ കുപ്പ സ്വാമി ഏറെ മനഃപ്രയാസത്തിലാണ്. ഓണനാളിൽ പത്തിരട്ടിയിലധികം വില പൂക്കൾക്ക് ലഭിക്കുമായിരുന്നു. പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷി ഇത്തവണ വ്യാപിപ്പിച്ചത്. ഇറുത്തെടുത്ത ഒരു പൂവ് പോലും ഇത്തവണ മലയാളക്കരയിലെത്തിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. വിളവെടുക്കാൻ പാകമായ പൂപ്പാടങ്ങളെ നോക്കി ഇവിടെ കർഷകർ കണ്ണീർ പൊഴിക്കുകയാണ്. സാധാരണയായി പെയിൻറ് കമ്പനികൾക്കാണ് ചെണ്ടുമല്ലി, ജമന്തി, വാടാർ മല്ലി എന്നിവ കർഷകർ കൊടുക്കാറുള്ളത്. കിലോക്ക് 20 രൂപയാണ് ലഭിക്കുക. ഇത് നഷ്ടമാണെന്ന് ബീമൻപേട്ടിലെ മഹേഷൻ പറയുന്നു. ഓണം നാളിലെ വർധിച്ച വിലയാണ് ഇവർക്ക് ഏറെ ആശ്വാസകരമായിരുന്നത്. മലയാളിയുടെ ഓണം ഇവിടെയുള്ള പൂകർഷകർക്കും സമ്പൽസമൃദ്ധിയുടെ കാലമായിരുന്നു. മുമ്പും പൂക്കൾ ഇറക്കുമതി ചെയ്തിരുന്നെങ്കിലും 2010 മുതലാണ് കർണാടകയിൽനിന്നും കേരളത്തിലേക്ക് പൂക്കളുടെ ഒഴുക്ക് തുടങ്ങിയത്. നൂറുകോടിയിലധികം രൂപയുടെ പൂക്കളാണ് അന്ന് ഇറക്കുമതി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.