മഞ്ചേരി: ഉറ്റവരുടെ ചേതനയറ്റ ദേഹം മണ്ണിൽ പുതഞ്ഞുകിടന്നതും ഇനി ഒരിക്കലും മടങ്ങിവരാത്തിടത്തേക്ക് യാത്രയായതും ഒമ്പത് ദിവസമായിട്ടും ആരും ഒാടക്കയം നെല്ലിയായി കോളനിയിലെ സുമതിയോട് പറഞ്ഞിട്ടില്ല. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാലിെൻറ എല്ലൊടിഞ്ഞ് ചികിത്സയിലാണിവർ. ഉറക്കത്തിൽ ഇപ്പോഴും ഞെട്ടിവിറച്ച് വീട് തകർന്നുവീഴുന്നതായി പറയുന്നുണ്ട്. കോൺക്രീറ്റ് വീടിെൻറ അകത്തുനിന്നും ഒരുവിധം ജീവനോടെ പുറത്തെത്തിയ സുമതിക്ക് കൂടെ ഉറങ്ങിയ സഹോദരി മാതയാണ് നഷ്ടപ്പെട്ടത്. ഒപ്പം കൂടെപ്പിറപ്പുകളായി അടുത്ത വീടുകളിലെ ആറുപേരും. ഡോക്ടർ വെള്ളിയാഴ്ച ഇവരെ ഡിസ്ചാർജ് ചെയ്ത് ഇനി വീട്ടിലേക്ക് മടങ്ങാമെന്ന് പ്രസന്നതയോടെ അറിയിച്ചപ്പോൾ കൂടെ നിൽക്കുന്ന ശ്രീജയുടെയും സരോജിനിയുടെയും മുഖം താഴ്ന്നു. എവിടേക്ക് പോവും. ഉണ്ടായിരുന്ന വീട് നിന്നിരുന്നിടം വെറും മൺകൂനയായിട്ടുണ്ട്. തങ്ങളെ ഇപ്പോൾതന്നെ പറഞ്ഞുവിടരുത്, രണ്ടു ദിവസംകൂടി ഇവിടെ കിടക്കാൻ അനുവദിക്കണമെന്ന് നഴ്സുമാർ മുഖേന ഡോക്ടറെ അറിയിച്ചു. രണ്ടുദിവസംകൂടി ആശുപത്രിയിൽ കിടക്കാൻ ഡോക്ടർ നിർദേശിച്ചു. ആരൊക്കെയോ നാട്ടിൽ വീടന്വേഷിക്കുന്നുണ്ടെന്ന് മാത്രം കൂടെനിൽക്കുന്ന ശ്രീജക്കും സരോജിനിക്കും അറിയാം. ശനിയാഴ്ച തിരുവോണമാണ്. മമ്പാട്ടെ കോളനികളിലേക്ക് വിവാഹം ചെയ്തയച്ച ഇവർക്കും മക്കൾക്കും ഇത്തവണ ഒാണമില്ല. ആഗസ്റ്റ് 16ന് പുലർച്ച ഒാടക്കയം നെല്ലിയായി കോളനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുവീടുകളാണ് നിശേഷം ഇല്ലാതായത്. കഴിഞ്ഞ 50 വർഷമായി ഊർങ്ങാട്ടിരിയിൽ ഒാടക്കയം നെല്ലിയായിയിലാണ് അവിവാഹിതയായ സുമതി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.