പ്രളയക്കെടുതി: വാർഷിക പദ്ധതി പുനഃക്രമീകരിച്ച് അടിയന്തര സ്വഭാവമുള്ളവ ഏറ്റെടുക്കും

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുനഃക്രമീകരിക്കാൻ നിർദേശം. പ്രളയ ദുരിതാശ്വാസമായി അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾ ഏറ്റെടുത്ത് ഈ വർഷത്തെ പദ്ധതികളിൽതന്നെ ചേർക്കാനാണിത്. അടിയന്തര സ്വഭാവമില്ലാത്തവ തൽക്കാലം മാറ്റിവെക്കാനും സർക്കാർ അനുമതി നൽകി. റോഡുകൾ ഉൾപ്പെടെയുള്ളവയുടെ പുനർനിർമാണം, കേടായ ഉപകരണം മാറ്റിവാങ്ങൽ, കെട്ടിടങ്ങളുടെയും മറ്റും അറ്റകുറ്റപ്പണി, പുതിയത് നിർമിക്കൽ എന്നിവ ഇതിൽപെടും. തദ്ദേശ സ്ഥാപന അധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷൻ, എൻജിനീയർ എന്നിവർ സംയുക്ത പരിശോധന നടത്തി പട്ടിക തയാറാക്കി മുൻഗണന സ്വഭാവത്തിൽ വേണം പദ്ധതികൾ ഏറ്റെടുക്കാൻ. ബന്ധപ്പെട്ട പഞ്ചായത്തുകളുടെ അനുമതിയോടെ ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾക്കും ഇപ്രകാരം ഏറ്റെടുക്കാം. തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളുടെ അടങ്കലിന് നേരത്തേ സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധി ഇവിടെ ബാധകമല്ല. ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾക്ക് പ്രവൃത്തി ഏറ്റെടുക്കുകയോ ആവശ്യമായ വിഹിതം ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കുകയോ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളുടെ നോൺറോഡ് മെയിൻറനൻസ് വിഹിതം വിനിയോഗിച്ച് പൂർണമായും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാനും അനുമതി നൽകി. വേണ്ടത്ര ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പൊതുവിഭാഗം ഫണ്ടിൽനിന്ന് പശ്ചാത്തല മേഖലയിൽ ചെലവഴിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് 40 ശതമാനവും ബ്ലോക്കുകൾക്ക് 35 ശതമാനവും ജില്ല പഞ്ചായത്തുകൾക്ക് 50 ശതമാനവും നഗരസഭകൾക്ക് 55 ശതമാനവും വരെ വിഹിതം ഉപയോഗപ്പെടുത്താം. പ്രത്യേക സാഹചര്യത്തിൽ ഈ വർഷത്തെ പദ്ധതി നിർവഹണത്തിന് മാത്രമാണ് ഈ ഇളവുകൾ. ഉൽപാദന മേഖലയിൽ നിർബന്ധമായും െവക്കേണ്ട വിഹിതം ഗ്രാമ പഞ്ചായത്തുകളിൽ 20 ശതമാനമായും ജില്ല പഞ്ചായത്തുകൾക്ക് 25 ശതമാനമായും കുറക്കാവുന്നതാണ്. പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതും ഭേദഗതി വരുത്തുന്നതും ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പുതുക്കിയ വാർഷിക പദ്ധതി സെപ്റ്റംബർ 15നകം ജില്ല ആസൂത്രണ സമിതി വഴി അംഗീകാരം വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.