പട്ടാമ്പി ടൗൺ നിശ്ചലം; വ്യാപാരികൾക്ക് കനത്ത നഷ്​ടം

പട്ടാമ്പി: മഹാമാരിയിൽ നഷ്ടപ്പെട്ടത് പട്ടാമ്പിയുടെ ജീവൻ. ഓണം-പെരുന്നാൾ കച്ചവടം പൊടിപാറി നടക്കേണ്ട സമയത്ത് ടൗൺ നിശ്ചലമായ സ്ഥിതിയിലാണ്. ഭാരതപ്പുഴയിൽ വെള്ളമിറങ്ങിയതോടെ ആശങ്ക അകന്നെങ്കിലും പൂർവ സ്ഥിതി കൈവരിക്കാൻ ഇനിയും എത്ര നാൾ എന്ന ചോദ്യമാണുയരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ കയറിയ വെള്ളമിറങ്ങിയപ്പോൾ അവശേഷിക്കുന്നത് ചളിയാണ്. ചളി കഴുകിക്കളയാനുള്ള തീവ്ര യത്നത്തിലാണ് കച്ചവടക്കാർ. വെള്ളം കയറിയ കടകളിൽനിന്ന് കഴിയാവുന്നതൊക്കെ മാറ്റിയിരുന്നു. അവ തിരിച്ചെത്തിക്കണം. ട്രാൻസ്ഫോർമറുകൾ നശിച്ചും ലൈനുകൾ പൊട്ടിയും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. അത് പൂർവ സ്ഥിതിയിലാക്കാൻ ജീവനക്കാർ പാടുപെടുകയാണ്. കടകളൊന്നും തുറക്കാത്തതിനാൽ യാത്രക്കാർ വെള്ളത്തിന് പോലും വഴിയില്ലാതെ ഉഴലുന്നു. ഇന്ധനമില്ലാതെ പമ്പുകൾ പൂട്ടി. നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഫോൺ ചെയ്യാനാവാത്ത പ്രയാസവുമുണ്ട്. മേലെ പട്ടാമ്പിയിൽനിന്ന് സ്റ്റാൻഡിലേക്കുള്ള യാത്രക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കമാനം വരെ പുഴവെള്ളമെത്തിയത് പിൻവാങ്ങി. കമാനത്തിനടിയിൽ റോഡ് ടൈൽ വിരിച്ചിരുന്നതിൽ ചളിയാണ്. ഇത് അഗ്നിശമന സേന കഴുകിക്കളഞ്ഞു. ടൗണി‍​െൻറ പൂർവ സ്ഥിതി വീണ്ടെടുക്കാൻ കാര്യമായി വിയർപ്പൊഴുക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.