ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവം; സഹായവുമായി നാട്ടുകാർ

പട്ടാമ്പി: താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സജീവമായി. നാട്ടുകാരുടെ സഹായങ്ങളും ക്യാമ്പിലേക്കൊഴുകുകയാണ്. ഓരോ ക്യാമ്പിനും ക്യാമ്പ് ഓഫിസർമാരായി വില്ലേജ് ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. വിഭവങ്ങളും ധനസഹായവും ദുരിത ബാധിതർക്ക് നേരിട്ട് നൽകുന്നത് വിലക്കി. ക്യാമ്പ് ഓഫിസറെ ഏൽപ്പിച്ച് ഏകീകൃതമായ രീതിയിൽ വിതരണം ചെയ്യാനാണ് റവന്യൂ അധികൃതരുടെ നിർദേശം. അരി, പച്ചക്കറി, വസ്ത്രങ്ങൾ എന്നിവ വിവിധ ക്യാമ്പുകളിൽ ലഭിക്കുന്നുണ്ട്. കൊപ്പത്ത് മഹിള അസോസിയേഷൻ പ്രവർത്തകർ ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത, ജില്ല പഞ്ചായത്ത് അംഗം എ. ഷാബിറ, ഉഷ, മിനി ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉൽപന്ന ശേഖരണം. തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യു.പി സ്‌കൂളിലെ ക്യാമ്പിൽ വ്യാഴാഴ്ച 112 ദുരിത ബാധിതരാണുണ്ടായിരുന്നത്. പഞ്ചായത്തിലെ ചെമ്പ്ര, നെടുങ്ങോട്ടൂർ പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവർ കൂടിയെത്തിയപ്പോൾ അംഗങ്ങൾ 290 ആയി വർധിച്ചു. 12ൽനിന്ന് 80 വരെയായി മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങൾ. താലൂക്കിലെ 11 പഞ്ചായത്തുകളിൽ 19 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.