ദേശീയ രാഷ്​ട്രീയത്തിൽ ഇടതുപക്ഷത്തിന് നിർണായക പങ്ക് -മുഹമ്മദ് സുലൈമാൻ

മലപ്പുറം: ദേശീയ രാഷ്ട്രീയത്തിലെ സവിശേഷസാഹചര്യത്തിൽ ഇടതുപാർട്ടികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഐ.എൻ.എൽ അഖിലേന്ത്യ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ. ലഭിക്കുന്ന സീറ്റുകളുടെ എണ്ണമല്ല, നിലപാടാണ് പ്രധാനം. ഫാഷിസത്തിനെതിരെ എക്കാലത്തും ശക്തമായി നിലകൊണ്ടത് ഇടതുപക്ഷം മാത്രമാണ്. രാഷ്ട്രീയത്തിലെ വിശ്വാസ്യതയും ധാർമികതയുമാണ് അവരുടെ മുഖമുദ്രയെന്നും മലപ്പുറം പ്രസ് ക്ലബി​െൻറ 'മീറ്റ് ദ ഗസ്റ്റി'ൽ അദ്ദേഹം അഭിപ്രായപ്പെട്ടു. അര നൂറ്റാണ്ടിലധികം ഭരിച്ച കോൺഗ്രസി​െൻറ നിലപാടുകളുടെ അനന്തരഫലമാണ് ഇന്ത്യ ഇന്ന് നേരിടുന്നത്. കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നത് തന്നെ 2004ലാണ്. ആർ.എസ്.എസ് നയിക്കുന്ന ഭരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും അരക്ഷിതരാണ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ തിരിച്ചെത്തുമെന്ന് ഉറപ്പില്ല. പേര് നോക്കി ആളുകളെ തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്ന് പ്രഫ. സുലൈമാൻ പറഞ്ഞു. ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായ കോൺഗ്രസിനെ നയിക്കുന്നത് 'പപ്പു'വാണ്. കുട്ടിത്തം വിട്ടുമാറാത്ത രാഹുൽ ഗാന്ധിയുടെ പെരുമാറ്റത്താലാണ് അങ്ങനെ വിളിക്കേണ്ടി വരുന്നത്. പ്രാദേശികകക്ഷികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും എൻ.ഡി.എക്കെതിരായ കൂട്ടായ്മ രൂപപ്പെടുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പി വിരുദ്ധ നീക്കത്തിൽ കേരളത്തിലെ ഇടത് എം.പിമാർക്ക് നിർണാ‍യക പങ്ക് വഹിക്കാനാകും. ഇതര സംസ്ഥാനങ്ങളിലും മതേതര സഖ്യത്തി​െൻറ ഭാഗമായിരിക്കും ഐ.എൻ.എൽ. മറ്റ് വഴികളില്ലാത്തിടത്ത് കോൺഗ്രസിെന പിന്തുണക്കും. 1992ൽ തകർന്നത് ബാബരി മസ്ജിദ് മാത്രമല്ല, മുസ്ലിം ലീഗ് എന്ന പാർട്ടി കൂടിയാണ്. അവരുടെ നിലപാടുകൾ തീവ്ര ചിന്താഗതിക്കാരെ സൃഷ്ടിക്കുകയും അത് കേരളത്തിൽ ആർ.എസ്.എസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തെന്ന് പ്രഫ. സുലൈമാൻ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉപസംഹാരം നിർവഹിച്ചു. സമീർ കല്ലായി ഉപഹാരം നൽകി. സുരേഷ് എടപ്പാൾ സ്വാഗതവും കെ.പി.ഒ റഹ്മത്തുല്ല നന്ദിയും പറഞ്ഞു. സി.പി. അൻവർ സാദത്ത്, സമദ് തയ്യിൽ, ഒ.കെ. തങ്ങൾ, സി.എച്ച്. മുസ്തഫ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.