കേരള ചിക്ക​ൻ രുചി ഇനി കൂടുതൽ ജില്ലകളിൽ

മലപ്പുറം: കോഴിവില കൂടിയാലും ഇറച്ചി കിട്ടാതായാലുമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്. ശാസ്ത്രീയരീതിയിലുള്ള ഉൽപാദനവും വിലസ്ഥിരതയും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'കേരള ചിക്കൻ പദ്ധതി' വയനാടിന് പുറമെ മറ്റ് വടക്കൻ ജില്ലകളിലും നിലവിൽ വന്നു. കർഷകരെയും വ്യാപാരികളെയും അംഗങ്ങളാക്കി സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നോഡൽ ഏജൻസി കൂടിയാണ് ബ്രഹ്മഗിരി. കോഴികർഷകരുടെ ഏകോപനവേദിയായ പൗൾട്രി ഫാർമേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണിത്. നിശ്ചിതവിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നുകളും പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കും. കിലോക്ക് 11 രൂപ വരെ വളർത്തുകൂലി നൽകി തിരിച്ചെടുക്കും. ഇവ കേരള ചിക്കൻ കടകളിലൂടെ കിലോക്ക് 87 രൂപയായി വിൽക്കും. വിപണിവില എത്ര ഉയർന്നാലും കേരളചിക്കനെ ബാധിക്കില്ല. വില കുറയുകയാണെങ്കിൽ സർക്കാർ സഹായത്തോടെ ബ്രഹ്മഗിരി രൂപവത്കരിക്കുന്ന 'വിലസ്ഥിരത നിധി' ഉപയോഗിച്ച് ഇൗ തുക വ്യാപാരികൾക്ക് നൽകും. കോഴിമാലിന്യം ശേഖരിച്ച് വളമാക്കി മാറ്റാനുള്ള സംവിധാനവും ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളെയും സംരംഭകരെയും പ്രവാസികളെയും പദ്ധതിയിൽ പങ്കാളികളാക്കും. കേരള ചിക്കൻ പദ്ധതി വിശദീകരണവും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പൗൾട്രി ഫെഡറേഷൻ രൂപവത്കരണവും മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കും ഫെഡറേഷനുമാവശ്യമായ സഹായങ്ങൾ മന്ത്രി വാഗ്ദാനം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്രഹ്മഗിരി സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു. എ.പി. ഖാദറലി വറ്റല്ലൂർ, മൂസക്കുട്ടി, സെയ്ത് മണലായ, ഹൈദർ ഉച്ചാരക്കടവ്, കുഞ്ഞിമൊയ്തീൻ കരുവള്ളി, കെ.ടി. ഉമ്മർ, ആസാദ് തിരൂർ, സനാഹുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.