പാലക്കാട് നഗരസഭ: യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നൊട്ടീസ് നൽകി

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ നാല് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. നഗരകാര്യ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി കൂടിയായ മൃണ്‍മയി ജോഷിക്കാണ് നൊട്ടീസ് നല്‍കിയത്. മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍മാര്‍ക്കെതിരെയാണ് കൗണ്‍സിലര്‍മാരായ ബി. സുഭാഷ്, എം. മോഹന്‍ബാബു, കെ. മണി, വി. മോഹനന്‍ എന്നിവർ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരെ അടുത്ത ആഴ്ചയും ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അതിനുശേഷവും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. നേരത്തെ വർക്കിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ യു.ഡി.എഫ് അംഗങ്ങൾ രാജിവെച്ചിരുന്നു. പാലക്കാട് സി.പി.എമ്മിനെയും ബി.ജെ.പിയെയും സമ്മർദത്തിലാഴ്ത്തിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോകുന്നത്. ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ വേണമെങ്കിൽ കോൺഗ്രസിന് വോട്ടുചെയ്യുമെന്ന കൊടിയേരിയുടെ പ്രസ്താവനയെ തുടർന്നാണ് സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. ഫാഷിസത്തിനെതിരെ സി.പി.എം നിലപാടെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസുമായി കൂട്ടുകൂടില്ലെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.