വണ്ടൂർ: ഉപജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30, 31 നവംബർ ഒന്ന് തീയതികളിൽ വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മേള. 31ന് രാവിലെ 9.30ന് പി.വി. അബ്ദുൽ വഹാബ് എം.പി മേള ഉദ്‌ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 84 സ്‌കൂളുകളിൽനിന്നായി ആറായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും. ഒക്ടോബർ 30ന് രജിസ്‌ട്രേഷൻ, സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ അറ്റ്ലസ് നിർമാണം, പ്രാദേശിക ചരിത്രരചന, പ്രസംഗ മത്സരം, ഗണിത വിഭാഗത്തിൽ സെമിനാർ, മാഗസിൻ എന്നിവയും നടക്കും. ഒക്ടോബർ 31ന് ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളുടെ തത്സമയ മത്സരങ്ങളും നടക്കും. നവംബർ ഒന്നിന് സാമൂഹിക ശാസ്ത്രം, ഐ.ടി, പ്രദർശനം എന്നിവയും ഉണ്ടാവും. ഉദ്‌ഘാടന ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർപേഴ്സൻ വണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നി കെ. ബാബുവും മറ്റു ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരും സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം.കെ. നാസർ, എ.ഇ.ഒ പി.ടി. മോഹൻദാസ്, പി.ടി.എ പ്രസിഡൻറ് കെ. പ്രഭാകരൻ, എസ്.എം.സി ചെയർമാൻ വാഹിദ് കളത്തിങ്ങൽ, പഞ്ചായത്ത് അംഗം ഇ. മുരളി, പ്രിൻസിപ്പൽമാരായ എസ്. സുധ, എം. ഐശ്വര്യ, പ്രധാനാധ്യാപിക കെ.കെ. ഗൗരി, പ്രോഗ്രാം കൺവീനർ വി.പി. മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.