പാങ്ങ് (മലപ്പുറം): പ്രാരാബ്ധങ്ങളിൽനിന്ന് കരകയറി വരുമ്പോഴാണ് പാങ്ങ് ജി.എൽ.പി.എസിലെ അധ്യാപകൻ മജീദിനെയും ഭാര്യ റുഖിയയെയും വിധി, ജീവിതത്തിൽനിന്ന് തിരിച്ചുവിളിച്ചത്. വാൽപാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മജീദിന്റെ ജീവിതപശ്ചാത്തലം അത്ര നിറപ്പകിട്ടുള്ളതായിരുന്നില്ല. പാങ്ങിലെ കാരാരിത്തൊടി മുഹമ്മദിനും മറിയുമ്മക്കുമുള്ള എട്ട് മക്കളിൽ ഏക ആൺതരിയായിരുന്നു മജീദ്. മജീദും രണ്ട് സഹോദരിമാരും ജന്മനാ കാഴ്ച പരിമിതർ. കുടുംബത്തിന് സ്വന്തമായി വരുമാനമോ അടച്ചുറപ്പുള്ള വീടോ ഉണ്ടായിരുന്നില്ല. ദാരിദ്ര്യത്തോട് പടവെട്ടിയ കുട്ടിക്കാലം.
മജീദിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് കുടുംബത്തെ കഷ്ടപ്പാടുകളിൽനിന്ന് കരകയറ്റിയത്. കോഴിക്കോട് കൊളത്തറയിലെ കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലായിരുന്നു മജീദും കാഴ്ചപരിമിതിയുള്ള സഹോദരി റാബിയയും പ്ലസ്ടുവിന് പഠിച്ചത്. പഠനത്തിൽ മിടുക്കരായിരുന്നു ഇരുവരും. പ്ലസ്ടുവിന് ശേഷം ടി.ടി.സി പൂർത്തിയാക്കിയ ഇരുവർക്കും സർക്കാർ ജോലി ലഭിച്ചു. മജീദ് പാങ്ങ് ജി.എൽ.പി.എസിലും റാബിയ പാങ്ങ് ജി.യു.പി.എസിലും അധ്യാപകരായി ചേർന്നു.
ഉദ്യോഗം ലഭിച്ചതോടെ പ്രാരാബ്ധങ്ങൾ ഒഴിഞ്ഞുതുടങ്ങി. രണ്ട് മാസം മുമ്പാണ് ചോലക്കുളമ്പിൽ പുതിയ ഇരുനിലവീട് വെച്ച് മജീദും കുടുംബവും താമസം മാറിയത്. കുട്ടികളില്ലാത്ത മജീദിനും ഭാര്യ റുഖിയക്കും ഒപ്പമായിരുന്നു കാഴ്ചപരിമിതിയുള്ള മജീദിന്റെ മറ്റൊരു സഹോദരി ഖദീജയും കഴിഞ്ഞിരുന്നത്. വാൽപാറ അപകടം, മജീദിനെയും ഭാര്യ റുഖിയയെയും ജീവിതത്തിൽനിന്ന് മടക്കിവിളിച്ചപ്പോൾ, വീട്ടിൽ ഒറ്റക്കായത് അവിവാഹിതായ ഖദീജയാണ്.
പാങ്ങ് ജി.എൽ.പി.എസിലെ കുട്ടികൾക്ക് മജീദ് വെറുമൊരു അധ്യാപകനായിരുന്നില്ല. കുട്ടികളോടൊപ്പം ആടിയും പാടിയും അവരുടെ മനസ്സ് കീഴടക്കിയാണ് മജീദ് മാസ്റ്റർ പാഠങ്ങൾ പകർന്നത്. ഇംഗ്ലീഷ് കവിതകൾ എഴുതിപഠിപ്പിക്കും.
കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിരന്തരമായി ഉപദേശിക്കുന്ന മജീദ് മാസ്റ്ററുടെ ആകസ്മിക വേർപാട് രക്ഷിതാക്കൾക്കും വിശ്വാസിക്കാനാവുന്നില്ല. കൊളത്തറ വിദ്യാലത്തിലെ അധ്യപകരുമായും സഹപാഠികളുമായും നിരന്തര ബന്ധം കാത്തുസൂക്ഷിച്ചിരുന്ന മജീദ് മാസ്റ്റർ കാഴ്ചപരിമിതരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്നു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റിന്റെ മലപ്പുറം ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന മജീദ് മാസ്റ്റർക്ക് ഈ മേഖലയിലുള്ള നിരവധി ആളുകളുമായി വളരെയടുത്ത ബന്ധമുണ്ട്. കാടാമ്പുഴക്കാരിയാണ് മജീദിന്റെ ജീവിതസഖി റുഖിയ. മജീദിന്റെ നിഴലായി ജീവിച്ച റുഖിയ മരണത്തിലും ഒന്നിച്ചു. മാട്ടാത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായിട്ടാണ് ഇരുവർക്കും ഖബറുകൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.