വേങ്ങര: ഒമ്പത് മാസം പ്രായമായ കുഞ്ഞുങ്ങൾ മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് എം.ആർ വാക്സിൻ നൽകുന്ന പദ്ധതിക്ക് വേങ്ങര മണ്ഡലത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് നിഗമനം. ഒക്ടോബർ മൂന്നിന് തുടങ്ങിയ സ്‌കൂൾതല വാക്സിനേഷൻ ക്യാമ്പുകളിൽ ഇതുവരെയായി കേവലം എട്ടു ശതമാനം കുട്ടികൾ മാത്രമേ കുത്തിവെപ്പ് എടുത്തുള്ളൂവെന്ന് ആരോഗ്യവകുപ്പിെൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളിൽ കുത്തിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളാണ് ശതമാനം കുറയാൻ കാരണമായതെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. വിദ്യാർഥികളിലും രക്ഷിതാക്കളിലും കുത്തിവെപ്പുമായി ബന്ധപ്പെട്ട ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാനായി അധ്യാപകരെ സജ്ജമാക്കുന്ന നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്. ഇതിെൻറ ഭാഗമായി വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ യുനിസെഫ് പ്രതിനിധികൾ ഉൾപ്പെടെയുള്ള ഡോക്ടർമാർ പങ്കെടുത്തു. പൊതുജന ബോധവത്കരണത്തിനായി ജനകീയ പിന്തുണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വേങ്ങര ഉപജില്ലയിലെ സ്‌കൂളുകളിലെ തെരഞ്ഞെടുത്ത അധ്യാപകർക്ക് വേണ്ടി നടത്തിയ ബോധവത്കരണ ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വിശാലം അധ്യക്ഷത വഹിച്ചു. യുനിസെഫ് പ്രതിനിധി ഡോ. സന്തോഷ്, പീഡിയാട്രീഷ്യൻ ഡോ. അൻവർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക, ഹെൽത്ത് സൂപ്പർവൈസർ ബാബു എന്നിവർ സംസാരിച്ചു. 'ജനകീയ കൂട്ടായ്മയോടെ മീസിൽസ്, റുബെല്ല വാക്സിൻ നൽകണം' വേങ്ങര: ജനകീയ കൂട്ടായ്മകളിലൂടെ മീസിൽസ്, റൂബല്ല വാക്സിൻ നൽകാൻ സാധിക്കണമെന്ന് വേങ്ങര നിയോജക മണ്ഡലം നിയുക്ത എം.എൽ.എ കെ.എൻ.എ. ഖാദർ. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് മീസിൽസ്, റുബെല്ല വാക്സിൻ നൽകുന്നതിെൻറ ഭാഗമായി ഡോക്ടർമാർക്കുള്ള ബോധവത്കരണ പരിപാടി വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ പി.ടി.എ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ ശ്രമത്തോടെ മണ്ഡലത്തിൽ വ്യാപകമായി വാക്സിനേഷൻ നടത്താൻ സാധിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വാക്സിനുകൾക്കെതിരെ വരുന്ന എതിർപ്പുകളെ പ്രതിരോധിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും വാക്സിനേഷനെതിരെയുള്ള വ്യാപകമായ കള്ളപ്രചാരണങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. കെ. സക്കീന, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബുഷ്റ മജീദ്, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സി.കെ. കോയാമു, ഡോ. സന്തോഷ് കുമാർ, ഡോ. ആർ. രേണുക, ഡോ. അബ്ബാസ്, ഡോ. സലീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.