തിരൂരങ്ങാടി: വിവിധ ആവശ്യങ്ങൾക്കായി ആർ.ടി ഓഫിസിൽ കയറിയിറങ്ങുന്നവരെ ഉദ്യോഗസ്ഥർ വട്ടം കറക്കുന്നതായി വ്യാപക പരാതി. ചെമ്മാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി ജോ. ആർ.ടി ഓഫിസിനെതിരെയാണ് വ്യാപക പരാതിയുയരുന്നത്. എളുപ്പത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട ഒരു സേവനവും നേരിട്ട് സമർപ്പിച്ചാൽ യഥാസമയം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഏജൻറുമാർ വഴി നൽകുന്ന അപേക്ഷകൾ മിനിറ്റുകൾക്കകം ശരിയാകും. സാധാരണക്കാരൻ ഫാസ്റ്റ് ട്രാക്ക് വഴി അപേക്ഷിച്ചാൽപോലും ദിവസങ്ങൾക്ക് ശേഷമാണ് സേവനങ്ങൾ ലഭിക്കുക. വാഹനം സംബന്ധിച്ച അപേക്ഷകൾ, ലൈസൻസ്, ആർ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പിഴ, വാഹന നികുതി തുടങ്ങിയ ആവശ്യങ്ങൾക്ക് നേരിട്ട് സമീപിച്ചാൽ ചെറിയ സംഖ്യ മതിയെന്നിരിക്കെ, എളുപ്പത്തിൽ കാര്യം നടക്കുമെന്നതിനാൽ വൻ തുക നൽകി ഏജൻറുമാരെ സമീപിക്കേണ്ടി വരുന്നു. പല കാരണങ്ങളാലും മടക്കുന്ന ഫയലുകൾ അതേപടി ഏജൻറുമാർ മുഖേന നൽകിയാൽ ഉടൻ കാര്യം സാധിക്കും. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്ന സാധാരണക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാത കോഴിച്ചെനയിലെ ഗ്രൗണ്ടിൽ നടക്കുന്ന ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന, വാഹന രജിസ്‌ട്രേഷൻ എന്നിവക്കും വേണ്ടത്ര ക്രമീകരണങ്ങളില്ല. ടോക്കൺ സമ്പ്രദായമില്ലെന്നും ഡ്രൈവിങ് സ്‌കൂളുകാർക്കും ഇടനിലക്കാർക്കും മുൻഗണന നൽകുന്നതായും പരാതിയുണ്ട്. സൗദിയിൽ ദീർഘകാലം ഡ്രൈവറായിരുന്ന ചെറുമുക്ക് സ്വദേശി കഴിഞ്ഞ ദിവസം നാട്ടിലെ ലൈസൻസിന് നേരിട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. വാഹനവുമായെത്തി ടെസ്റ്റ് കഴിഞ്ഞെങ്കിലും ഓടിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ലൈസൻസ് നിഷേധിച്ചു. ഏജൻറുമാർ വഴി അപേക്ഷിച്ചാൽ ലൈസൻസ് ഉടൻ ലഭിക്കുമെന്ന് ജീവനക്കാരൻ പറഞ്ഞത്രെ. പതിനാറുങ്ങൽ സ്വദേശി ഓട്ടോ പെർമിറ്റ് പുതുക്കാൻ എത്തിയപ്പോഴും സമാന അനുഭവമാണുണ്ടായത്. ഓഫിസ് കയറിയിറങ്ങി മടുത്ത ഇദ്ദേഹം ഏജൻറിനെ ഏൽപ്പിച്ചതോടെ അരമണിക്കൂറിനകം ശരിയായി. ഒാരോ അപേക്ഷകരിൽനിന്നും ഭീമമായ തുകയാണ് ഏജൻറുമാർ ഇടാക്കുന്നതെന്നും ആർ.ടി ഓഫിസ്, ഏജൻറുമാരുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നുമുള്ള പരാതി വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.