പൊന്നാനി: ക്ലീൻ കനോലി പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയും കോഴിക്കോട് ആസ്ഥാനമായ രാം ബയോളജിക്കലും ചേർന്ന് സ്ഥാപിച്ച പോർട്ടബിൾ സെപ്റ്റിക് ടാങ്കുകളിൽ 28 എണ്ണത്തിെൻറ പ്രശ്നം അതീവ ഗുരുതരമെന്ന് സർേവ റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാക്കിയതിനെത്തുടർന്ന് 95 പരാതികളാണ് ഉയർന്നുവന്നത്. ഇതിൽ 28 എണ്ണം ഗുരുതരവും 67 എണ്ണം എളുപ്പം പരിഹരിക്കാവുന്നതാണെന്നുമാണ് രാം ബയോളജി കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പദ്ധതി സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്പനി നേരിട്ടെത്തി വിലയിരുത്തിയത്. പോർട്ടബിൾ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച 28 വീടുകളിൽ സോക്പിറ്റിൽനിന്ന് മലിനജലം പുറത്തേക്ക് വമിക്കുന്നതായി കണ്ടെത്തി. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലാണ് മലിനജലം ഒഴുകുന്നത്. ഈ 28 വീടുകളിലും ഭൂപ്രതലത്തിന് മുകളിലേക്കായി റിങ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇതിൽ നാല് വീടുകളിൽ പ്രാഥമിക നടപടികൾ ആരംഭിച്ചു. 28 എണ്ണത്തിന് മാൻഹോൾ ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണം. മറ്റു 39 വീടുകളിൽ ടോയ്്ലറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതിന് കാരണം എയർപൈപ്പിെൻറ അപര്യാപ്തതയാണെന്നും കണ്ടെത്തി. ഈ 67 പരാതികൾക്ക് ഉടൻ പരിഹാരം കാണാനാണ് നീക്കം. എന്നാൽ, സങ്കീർണ വീഴ്ചകളുള്ളവ എപ്പോൾ പരിഹരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. റിങ് സ്ഥാപിച്ച ടാങ്കുകളുടെ പ്രവർത്തനങ്ങൾ വിജയകരമായാൽ മാത്രമേ തുടർനടപടികൾ കൈക്കൊള്ളാൻ സാധിക്കൂ. നഗരസഭയിൽ മൊത്തം 200 പോർട്ടബിൾ സെപ്റ്റിക് ടാങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. 800 ലിറ്ററിെൻറ 80 ടാങ്കുകളും 1200 ലിറ്ററിെൻറ 120 ടാങ്കുകളുമാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചത്. 1,12,40,000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാണ് ശ്രമമെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജും ശുചിത്വമിഷൻ പ്രതിനിധി ഡോ. റീനയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.