കാളികാവ്: ഭൂരഹിതര്‍ക്ക് പ്രതീക്ഷ നല്‍കി ചോക്കാട് ഗ്രാമപഞ്ചായത്തില്‍ പുറേമ്പാക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ സർവേ നടപടികള്‍ക്ക് തുടക്കം കുറിച്ചു. മാളിയേക്കലിലെ തുവ്വപ്പറ്റ പുഴയോരത്താണ് സർവേ ആരംഭിച്ചത്. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ആഘോഷപൂര്‍വമാണ് സർവേ നടന്നത്. കാളികാവ് വില്ലേജിലെ ബ്ലോക്ക് 135ലെ 103 സര്‍വേ നമ്പറില്‍പെട്ട ഭൂമിയാണ് അളന്നത്. രണ്ട് ഏക്കറിലധികം അളന്നുതിരിച്ചു. നാട്ടുകാരുടെ കൂട്ടായ്മയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചത്. ചോക്കാട് പഞ്ചായത്തിലെ പുഴകളോട് ചേര്‍ന്ന പുറേമ്പാക്ക് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭവനരഹിതർക്ക് ഫ്ലാറ്റുകള്‍ നിർമിച്ചുനല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്. ഇതിന് പുറമെ ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയും അളന്നുതിരിച്ചിട്ടുണ്ട്. ഇത് വീടില്ലാത്തവര്‍ക്ക് വീട് വെക്കുന്നതിന് നല്‍കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കമുങ്ങ്, തെങ്ങ് എന്നിവയാണ് ഇവിടെയുള്ളത്. നാളികേരവും അടക്കയും എടുക്കരുതെന്ന് സ്ഥലം കൈവശംവെച്ചിരിക്കുന്നവരോട് അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. അളന്നുതിരിച്ച സ്ഥലത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതുവരെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കുടുംബശ്രീ മുഖേന പച്ചക്കറി കൃഷി നടത്താനുള്ള അവസരമൊരുക്കണമെന്നും നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. സ്ഥലം അളന്നുതിരിച്ചത് ബാൻറ് മേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാര്‍ ആഘോഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.