കാളികാവ് പഞ്ചായത്ത് പ്രസിഡൻറ്​ പദം ഇനി കോണ്‍ഗ്രസിന്

കാളികാവ്: ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡൻറായി കോണ്‍ഗ്രസ് അംഗം കെ. നജീബ് ബാബുവിനെ തെരഞ്ഞെടുത്തു. എട്ടിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് ബാബു വിജയിച്ചത്. യു.ഡി.എഫ് ധാരണ പ്രകാരം ലീഗ് അംഗം പ്രസിഡൻറ് പദവി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിനായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും ലീഗിലെ അഞ്ച് അംഗങ്ങളും ബാബുവിന് അനുകൂലമായി വോട്ട് ചെയ്തു. സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച നീലേങ്ങാടന്‍ സൈതാലിക്ക് എട്ട് വോട്ട് ലഭിച്ചു. നജീബ് ബാബു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ പ്രിന്‍സ് ബാലനായിരുന്നു വരണാധികാരി. സെപ്റ്റംബര്‍ 15നാണ് യു.ഡി.എഫ് ധാരണ പ്രകാരം ഒരു വര്‍ഷത്തെ കാലാവധിക്ക് ശേഷം പ്രസിഡൻറായിരുന്ന മുസ്ലിം ലീഗ് അംഗം വി.പി.എ നാസര്‍ സ്ഥാനമൊഴിഞ്ഞത്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന് എട്ടും കോണ്‍ഗ്രസിന് ആറും ലീഗിന് അഞ്ചും സീറ്റുകളാണ് കാളികാവ് പഞ്ചായത്തില്‍. ത്രികോണ മത്സരം നടന്ന പഞ്ചായത്തില്‍ ലീഗി​െൻറ സഹകരണത്തോടെ എട്ടു മാസം സി.പി.എം ഭരണം നടത്തിയിരുന്നു. പിന്നീട് കോണ്‍ഗ്രസും ലീഗും മുന്നണിയായതോടെ സി.പി.എം പ്രസിഡൻറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ലീഗി​െൻറ വി.പി.എ. നാസര്‍ പ്രസിഡൻറായത്. കോണ്‍ഗ്രസിന് 26 മാസമാണ് പ്രസിഡൻറ് പദവി. തുടര്‍ന്നുള്ള അവസാനത്തെ ഒരു വര്‍ഷം ലീഗിന് തന്നെ നല്‍കും. ഇതിനിടെ യു.ഡി.എഫ് ധാരണ പ്രകാരം കോണ്‍ഗ്രസ് അംഗമായ വൈസ് പ്രസിഡൻറ് മണ്ണൂര്‍കര സുഫൈറ രാജി വെച്ചു. ലീഗ് അംഗത്തിന് വൈസ് പ്രസിഡൻറ് ആകുന്നതിന് വേണ്ടിയാണ് സുഫൈറ രാജി വെച്ചത്. അഞ്ചച്ചവിടി വാര്‍ഡിലെ സി.ടി. അസ്മാബിയായിരിക്കും വൈസ് പ്രസിഡൻറ് സ്ഥാനാർഥി. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. Photo: പുതിയ കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.