ഹംസ
ജൈസൽ
പരപ്പനങ്ങാടി: കാഴ്ചയറ്റവരുടെ കാഴ്ചപ്പാടുകൾക്ക് ചിറകുവിരിക്കുകയാണ് ഹംസ ജൈസലും റിവാർഡ് ഫൗണ്ടേഷനും. വിശുദ്ധ ഖുർആൻ അവതരിച്ചതാണ് റമദാൻ മാസത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പറയുമ്പോൾ കണ്ണില്ലാത്തവർക്കും ഖുർആനിന്റെ ആശയപ്രപഞ്ചം തുറന്നുവെക്കാൻ ഹംസ ജൈസലും റിവാർഡ് ഫൗണ്ടേഷനുമുണ്ട്.
ജന്മനാ കണ്ണുകാണാത്ത പരപ്പനങ്ങാടിയിലെ പ്രതിഭാധനരായ അന്ധസഹോദരന്മാരാണ് അധ്യാപകരായ ജലീൽ പരപ്പനങ്ങാടിയും സഹോദരൻ ഹംസ ജൈസൽ പരപ്പനങ്ങാടിയും. ഭിന്നശേഷിക്കാരുടെ ബൗദ്ധിക ഉന്നമനത്തിനും സ്വയംപര്യാപ്തതക്കുമായി പ്രവർത്തിക്കുന്ന റിവാർഡ് ഫൗണ്ടേഷനുവേണ്ടി രാപ്പകലില്ലാതെ, വിശ്രമമറിയാത്ത അധ്വാനത്തിലാണ് ജയ്സൽ. കണ്ണുകാണാത്തവർക്കും ഖുർആൻ അനായാസം പാരായണം ചെയ്യാനും ആശയം മനസ്സിലാക്കാനും ആഴത്തിലുള്ള പഠനം സാധ്യമാക്കാനുമുള്ള സാങ്കേതികവിദ്യയുമായി അന്ധരായ വിദ്യാർഥികൾക്കുമുന്നിൽ ജൈസൽ ഇത്തവണയും സജീവമാണ്.
സമൂഹത്തിലെ വിവിധ തുറകളിലുള്ള ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ധാർമികപഠനം, ഖുർആൻ പ്രബോധനം എന്നിവ നടത്തുന്നുണ്ട് റിവാർഡ് ഫൗണ്ടേഷൻ. ഫൗണ്ടേഷൻ വഴി മാസന്തോറും 1200 രൂപ വീതം 130 പേർക്ക് പെൻഷൻ നൽകി വരുന്ന സ്കീം ഉൾപ്പെടെ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുന്ന കാലവും റമദാൻ മാസമാണ്. അകക്കണ്ണിന്റെ വെളിച്ചത്തിൽ അപരരെ സഹായിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഹംസ ജൈസൽ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതും കാഴ്ചയില്ലാത്ത പെൺകുട്ടിയെയാണ്. വർഷങ്ങളോളം ജോലിചെയ്ത അധ്യാപക തസ്തിക നിയമനത്തെ ചൊല്ലിയുണ്ടായ തർക്കം കോടതി കയറിയതോടെ സ്വന്തമായി വരുമാനമില്ലെങ്കിലും ആ മുഖത്ത് പുഞ്ചിരി മാത്രം, ശുഭ പ്രതീക്ഷയുടെ കരുത്തുപകർന്ന പുഞ്ചിരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.