മരുത റോഡ്: നിർത്തിയിട്ട ബസിന് പിറകിൽ ടാങ്കർ ലോറിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ മരുത റോഡിലാണ് സംഭവം. ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടുനിന്ന് വാളയാർക്ക് പോവുകയായിരുന്ന അറുമുഖൻ എന്ന സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറുക്കുന്നതിനിടെ കൊച്ചിൻ റിഫൈനറിയിൽനിന്ന് ചെന്നെയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയിൽ 20,000 ലിറ്റർ കുമി എന്ന കെമിക്കൽ ആയിരുന്നു. ടാങ്കറിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറുടെ കാബിനുള്ളിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ശേഷിയുള്ള മൂന്ന് ക്യാനുകളിലൊന്ന് ചോർന്നു. ക്യാനുകൾ ഡ്രൈവർ പുറത്തെടുത്ത് മാറ്റിയതിനാൽ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംതെറ്റിയ ബസ് സമീപത്തെ മരുതറോഡ് പുത്തൻപുര മല്ലുണ്ണി എന്ന ആളുടെ വീടിെൻറ മതിൽ തകർത്ത് പത്ത് അടി താഴ്ചയിലേക്ക് തെറിച്ചു. വീടിന് അടുത്തുള്ള തെങ്ങിൽ ഇടിച്ചാണ് ബസ് നിന്നത്. യാത്രക്കാരായ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പതിനൊന്നോളം സ്കൂൾകുട്ടികളും അധ്യാപികയുമുണ്ട്. കഞ്ചിക്കോട് അഗ്നിശമന സേന, എസ്.പി. പ്രതിഷ്കുമാർ, ഡിവൈ.എസ്.പി പൂങ്കുഴലി, എക്സിക്യൂട്ടിവ് തഹസിൽദാർ അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കസബ സൗത്ത് സ്റ്റേനുകളിലെ പൊലീസ് സേന രക്ഷാപ്രവർത്തനം നടത്തി. രണ്ട് ക്രയിനുകൾ ഉപയോഗിച്ച് രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്.. ഉത്തർപ്രദേശ് സ്വദേശി ദിൽഷാദാണ് (22) ടാങ്കർ ഓടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.