പരാതി ഒഴിയാതെ പുതിയ റേഷൻ കാർഡ്​

മുന്‍ഗണന വിഭാഗത്തില്‍നിന്ന് ഗുണഭോക്താക്കളെ ഒഴിവാക്കിയതില്‍ അപാകത കാളികാവ്: ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം തയാറാക്കിയ പുതിയ റേഷന്‍ കാര്‍ഡുകളെ കുറിച്ചുള്ള പരാതി ഒഴിയുന്നില്ല. കിടപ്പാടമില്ലാത്തവര്‍പോലും എ.പി.എല്‍ പട്ടികയിലേക്ക് തള്ളിമാറ്റപ്പെട്ടപ്പോള്‍ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള പലരും ബി.പി.എല്‍ പട്ടികയില്‍ കയറിക്കൂടി. അനര്‍ഹര്‍ കടന്നുകൂടിയെന്ന പരാതിയെ തുടര്‍ന്ന് അവസാനഘട്ട ലിസ്റ്റില്‍നിന്ന് യഥാർഥ ബി.പി.എല്ലുകാരെ നീക്കിയതായും പരാതി ഉയര്‍ന്നു. പരാതിയെ തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തില്‍ അനര്‍ഹമായി കടന്നുകൂടിയവരെ ഒഴിവാക്കിയപ്പോള്‍ വ്യക്തമായ മാനദണ്ഡം നിശ്ചയിക്കാത്തതാണ് പ്രശ്‌നമായത്. പരാതി ഒഴിവാക്കാന്‍ പുതിയ ലിസ്റ്റില്‍നിന്ന് അവസാനത്തെ 50 പേരെ ഒഴിവാക്കുകയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ ചെയ്തത്. ഇതോടെ യഥാർഥ മുന്‍ഗണനക്കാര്‍ ലിസ്റ്റില്‍നിന്ന് പുറത്ത് പോവുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഇതേതുടര്‍ന്ന് പലയിടത്തും റേഷന്‍കാര്‍ഡ് വിതരണം കടയുടമകള്‍ക്ക് തലവേദനയായി. സംസ്ഥാനത്ത് മൊത്തം 80 ലക്ഷം കാര്‍ഡുകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും മുന്‍ഗണന വിഭാഗത്തിന് പിങ്കും സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് നീലയും സബ്‌സിഡിയില്ലാത്ത പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്. മുന്‍ഗണന വിഭാഗത്തില്‍പെട്ട കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും. ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാര്‍ വ്യാപകമായി മുന്‍ഗണന ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനെതിരെ പല കോണുകളില്‍നിന്നും പരാതി ഉയര്‍ന്നതോടെയാണ് അനര്‍ഹരെ വെട്ടിമാറ്റുന്നതിന് പകരം സൗകര്യം നോക്കി ലിസ്റ്റിലെ അവസാനത്തെ ആളുകളെ ഒഴിവാക്കി പുതിയ ലിസ്റ്റിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.