പൊന്നാനി: കുറ്റിപ്പുറത്ത് ശുചിത്വ ആരോഗ്യരക്ഷ പ്രവർത്തനങ്ങളെ തടയുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് പൊന്നാനി പൗരസമൂഹ സഭ ജില്ല കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം കോളറ ബാധിച്ച് നാലുപേർ മരിക്കുകയും ഈ വർഷം കോളറ ബാക്ടീരിയ കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയ ഭക്ഷണശാലകൾ സി.പി.എം പ്രവർത്തകർ ബലമായി തുറപ്പിച്ചതായി പൗരസമൂഹ സഭ ആരോപിച്ചു. ഇത് പ്രഖ്യാപിത നിലപാടാണെങ്കിൽ പാർട്ടി ജില്ല നേതൃത്വം പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ കുറ്റിപ്പുറത്തെ പാർട്ടി ഘടകം പിരിച്ച് വിടണമെന്നും പൗരസമൂഹ സഭ ആവശ്യപ്പെട്ടു. നിയമവാഴ്ച നടപ്പാക്കുന്നതിലും സി.പി.എമ്മിനെ പ്രതിരോധിക്കുന്നതിലും പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗ് കാണിക്കുന്ന നിസ്സംഗത കുറ്റകരമാണെന്നും പൗരസമൂഹ സഭ പറയുന്നു. നോവലിസ്റ്റ് സി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗണേഷ് പൊന്നാനി, ആർടിസ്റ്റ് സുരേന്ദ്രൻ, അഡ്വ. ധനലക്ഷ്മി, സുലൈഖ യൂസഫ്, ദിനു പുഴമ്പ്രം, ബാബു തേറമ്പത്ത്, വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.