മലപ്പുറം: തിരൂർ താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ പരിശോധന പ്രഹസനമായതോടെ വ്യാജ ബി.പി.എല്ലുകാർ ഇപ്പോഴും സുരക്ഷിതരാണെന്ന് പരാതി. മേഖലയിലെ മിക്ക പഞ്ചായത്തുകളിൽ നിന്ന് നിരവധി കുടുംബങ്ങളാണ് താലൂക്ക് ഓഫിസിലെത്തി പരാതി നൽകിയത്. അർഹതയുണ്ടായിട്ടും ബി.പി.എല്ലാക്കിയില്ലെന്നാണ് ഇവരിൽ ഭൂരിപക്ഷം പേരുടെയും പരാതി. അനധികൃതമായി ബി.പി.എൽ കാർഡ് കൈവശം വെച്ചവരെ കുറിച്ച് പരാതിക്കാരിൽ ചിലർ തന്നെ താലൂക്ക് സപ്ലൈ ഓഫിസിൽ വ്യക്തമായ വിവരം നൽകിയിട്ടുണ്ടെന്നാണ് അറിവ്. എന്നാൽ ഇത്തരം പരാതികളിൽ പോലും പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. തൃപ്രങ്ങോട് പഞ്ചായത്തിൽ നിരവധി വാർഡുകളിൽ വ്യാജ ബി.പി.എല്ലുകാർ ഉണ്ടായിട്ടും ഇതുവരെ അധികൃതർ ഈ ഭാഗത്തേക്ക് പരിശോധനക്ക് എത്തിയിട്ടിെല്ലന്ന് ജനങ്ങൾ പറയുന്നു. രണ്ടുനില വീടുള്ളവരും നാലുചക്ര വാഹനങ്ങൾ ഉള്ളവരും പഞ്ചായത്തിെൻറ അനാസ്ഥ കാരണം ഇവിടെ ദാരിദ്ര്യരേഖക്ക് താഴെയാണ്. അതേ സമയം ഇതേ പ്രദേശങ്ങളിൽ തന്നെ ആയിരം ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുള്ളവർ, ഓട്ടിസം അടക്കമുള്ള രോഗങ്ങളുള്ളവർ, വിധവകൾ എന്നിവരടങ്ങിയ കുടുംബങ്ങൾ എ.പി.എൽ പട്ടികയിലുമായിട്ടുണ്ട്. പരാതിയേറിയ സാഹചര്യത്തിൽ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ജില്ല ഉദ്യോഗസ്ഥർ തന്നെ പ്രദേശത്ത് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിറമരതൂർ, വെട്ടം, പുറത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലും വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. അതിനിടെ ബി.പി.എല്ലുകാരായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർ കാർഡ് തിരിച്ചേൽപ്പിക്കേണ്ട അവസാന തീയതി ഞായറാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.