തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂരിലെ നന്നമ്പ്ര പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബര്‍ 29ന് വൈകുന്നേരം നാലിന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അരക്കോടിയിലേറെ രൂപ ചെലവിട്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയം നവീകരിക്കാന്‍ എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. വയലില്‍ സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ ഈ ഫണ്ടുപയോഗിച്ച് രണ്ടടിയോളം ഉയരത്തില്‍ ചുറ്റുമതില്‍ സ്ഥാപിച്ചെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. സ്റ്റേഡിയം പിന്നീട് ഉപയോഗയോഗ്യമല്ലാതായി. നന്നമ്പ്രയിലെ കായികപ്രേമികള്‍ക്കെന്നും പുഞ്ചപാടം ആശ്രയിക്കേണ്ടതായുംവന്നു. കഴിഞ്ഞ ഭരണസമിതി കാലത്ത് ലോക ബാങ്കിന്‍െറ ഫണ്ടില്‍ നിന്നും രണ്ടുഘട്ടങ്ങളിലായി അനുവദിച്ച 58 ലക്ഷം രൂപയിലാണ് ഇപ്പോള്‍ പ്രവൃത്തി നടത്തിയത്. കരയോളം ഉയരത്തില്‍ വെള്ളംകയറാത്തവിധം ചുറ്റുമതില്‍കെട്ടി മണ്ണുനിറച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സ്റ്റേഡിയത്തിന്‍െറ കവാടത്തില്‍ ഇരുമ്പ് ഗേറ്റും ചുറ്റുമതിലിനോട് ചേര്‍ന്ന് ഉയരത്തില്‍ ഇരുമ്പ് നെറ്റും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തേക്ക് മറ്റു കവാടങ്ങള്‍ ഇല്ലാത്തത് പോരായ്മയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെയിന്‍ ഗേറ്റ് കടന്ന് സ്റ്റേഡിയം ചുറ്റേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമായതിനാലും തൊട്ടടുത്ത വയലുകളില്‍ നെല്‍കൃഷി നടക്കുന്നതിനാലും വേനല്‍ക്കാലങ്ങളില്‍ മാത്രമേ സ്റ്റേഡിയം ഉപയോഗിക്കാന്‍ കഴിയൂ. ഏറെകാലമായി ഗ്രൗണ്ടില്‍ ടൂര്‍ണമെന്‍റുകള്‍ നടക്കാറില്ല. സ്റ്റേഡിയം ഉദ്ഘാടനം കഴിയുന്നതോടെ ടൂര്‍ണമെന്‍റുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നന്നമ്പ്രയിലെ കായികപ്രേമികള്‍. പഞ്ചായത്തിലെ കായിക മത്സരങ്ങള്‍ക്ക് സ്റ്റേഡിയം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.