ഓപണ്‍ സ്കൂള്‍ മേഖലാ കേന്ദ്രത്തിലും കസേരഭരണം

മലപ്പുറം: ഓപണ്‍ സ്കൂള്‍ മേഖലാ കേന്ദ്രത്തില്‍ ഡയറക്ടര്‍ തസ്തികയില്‍ ആളില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. മൂന്ന് മാസമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഓഫിസിന് നാഥനില്ലാതെ ആയതോടെ മേഖലാ കേന്ദ്രം മുഖേന നടക്കേണ്ട വിവിധ കാര്യങ്ങള്‍ അവതാളത്തിലാണ്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് ടി.സി ലഭിക്കാന്‍ രണ്ട് ആഴ്ചയിലധികം സമയം എടുക്കുന്നുണ്ട്. നേരത്തേ, അപേക്ഷിച്ചയുടന്‍ വിദ്യാര്‍ഥികള്‍ക്ക് ടി.സി ലഭിച്ചിരുന്നു. ഡയറക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അധികാരമുണ്ട്. ഡയറക്ടര്‍ ഇല്ലാത്തതിനാല്‍, അപേക്ഷ സ്വീകരിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഓഫിസിലേക്ക് അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ ടി.സി ലഭിക്കാന്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുന്നുണ്ട്. മറ്റു കോഴ്സുകളില്‍ അടിയന്തരമായി പ്രവേശം നേടേണ്ട സാഹചര്യത്തില്‍ ടി.സി ലഭിക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികളെ പ്രയാസപ്പെടുത്തുന്നുണ്ട്. ഡയറക്ടര്‍ ഇല്ലാത്തതിനാല്‍ ഓപണ്‍ സ്കൂളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്വന്തം നിലക്ക് ഈ ഓഫിസിന് സാധിക്കുന്നില്ല. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ ഇത് ബാധിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചുമതല മലപ്പുറത്തെ മേഖലാ കേന്ദ്രത്തിനാണ്. 2013ലാണ് മലപ്പുറം സിവില്‍സ്റ്റേഷനില്‍ ഹയര്‍സെക്കന്‍ഡറി മേഖലാകേന്ദ്രം തുടങ്ങുന്നത്. സംസ്ഥാനത്ത് സ്കോള്‍ കേരള വഴി ഹയര്‍സെക്കന്‍ഡറി പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റു ജില്ലകളെക്കാള്‍ ബഹുദൂരം മുന്നിലാണ് ജില്ല. ഇത് പരിഗണിച്ചാണ് മലപ്പുറത്ത് മേഖലാ കേന്ദ്രം അനുവദിച്ചത്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍നിന്ന് 24,811 അപേക്ഷ ലഭിച്ചിട്ടുണ്ട്. അതേസമയം, ഡയറക്ടറെ നിയമിക്കാത്തത് മേഖലാ ഓഫിസ് ഇല്ലാതാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.