വനംവകുപ്പ് നിയമത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം

നിലമ്പൂര്‍: കാട്ടുമൃഗശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകനുള്ള നഷ്ടപരിഹാര തുക ലഭിക്കാനുള്ള വനം വകുപ്പിന്‍െറ മാനദണ്ഡത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം. നഷ്ടപരിഹാരത്തിന് വനംവകുപ്പ് ആവശ്യപ്പെടുന്ന രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മലയോര മേഖലകളില്‍ അവശേഷിക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടഭൂമിയില്‍ കൃഷിചെയ്യുന്നവരാണ്. കാട്ടാനശല്യം ഏറെയുള്ള ഈ ഭാഗങ്ങളില്‍ പാട്ടകൃഷിക്ക് ഭൂമി നല്‍കാന്‍ ഭൂവുടമകളും മടിക്കുന്നു. കര്‍ഷകന്‍ ആവശ്യമായ രേഖകള്‍ ഉണ്ടാക്കാന്‍ മെനക്കെടേണ്ടി വരുമെന്നതിനാലാണ് കൃഷിക്ക് ഭൂമി നല്‍കാന്‍ ഉടമകള്‍ തയാറാവാത്തത്. മുന്‍കൂട്ടി രേഖകളൊന്നും ആവശ്യപ്പെടില്ളെന്ന കരാറിലാണ് പലരും കര്‍ഷകന് കൃഷിക്കായി ഭൂമി വിട്ടുകൊടുക്കുന്നത്. അതിനാല്‍ വനംവകുപ്പ് ആവശ്യപ്പെടുന്ന രേഖകള്‍ പാട്ടഭൂമിയിലെ കര്‍ഷകന് ഹാജരാക്കാന്‍ കഴിയാറില്ല. ഭൂമിയുടെ ആധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട് എന്നിവയുടെ പകര്‍പ്പ്, കൃഷിയിടത്തിന്‍െറ സ്കെച്ചും പ്ളാനും തുടങ്ങിയവയെല്ലാം ഹാജരാക്കണം. ഉടമയുടെ കൈയും കാലും പിടിച്ച് ഇതെല്ലാം ശരിയാക്കിയാല്‍തന്നെ ലഭിക്കുന്നതോ തുച്ഛമായ നഷ്ടപരിഹാര തുകയും. വ്യാഴാഴ്ച കാട്ടാന കൃഷി നശിപ്പിച്ച വഴിക്കടവ് ആനമറിയിലെ പള്ളിപറമ്പില്‍ ബേബി 30 വര്‍ഷത്തിലേറെയായി വനാതിര്‍ത്തിയില്‍ പാട്ടഭൂമിയിലെ കര്‍ഷകനാണ്. നിരവധി തവണ കാട്ടുമൃഗശല്യം മൂലം ഇയാള്‍ക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ഇതേ കാരണങ്ങളാല്‍ നിരവധി കര്‍ഷകര്‍ക്ക് സഹായം നിഷേധിക്കപ്പെടുന്നുണ്ട്. നഷ്ടപരിഹാരം കിട്ടാനുള്ള അപേക്ഷ അടുത്തിടെ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കിയിട്ടുണ്ടെങ്കിലും അപേക്ഷയില്‍ ഈ മാനദണ്ഡങ്ങളെല്ലാം ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.