ചാപ്പപ്പടിയിലെ ഫിഷിങ് ഹാര്‍ബര്‍: തുടര്‍നടപടികളില്‍ ഭിന്നാഭിപ്രായം

പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ ഫിഷിങ് ഹാര്‍ബറിന് ഫെബ്രുവരി 13ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചെങ്കിലും അനിശ്ചിതത്വം തുടരുന്നു. സ്വാഗതസംഘം രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. നിലവില്‍ ബോറിങ് പൂര്‍ത്തീകരിച്ചതും നടപടികള്‍ ഏറെ മുന്നോട്ടുപോയതുമായ അങ്ങാടി കടപ്പുറമാണ് ഹാര്‍ബര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ പറയുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയെകുറിച്ച് കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഒരു വിവരവും ലഭിച്ചിട്ടില്ളെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.ഒ. സലാം പറഞ്ഞു. പരപ്പനങ്ങാടിയില്‍ എവിടെ ഹാര്‍ബര്‍ വന്നാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബര്‍ സംബന്ധിച്ച് ഇതുവരെ സര്‍ക്കാറില്‍നിന്ന് വിവരം ലഭിച്ചിട്ടില്ളെന്നും വരും ദിവസങ്ങളില്‍ സ്വാഗതസംഘം രൂപവത്കരണമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായേക്കാമെന്നും പരപ്പനങ്ങാടി നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചര്‍ പറഞ്ഞു. എന്നാല്‍, ഹാര്‍ബര്‍ പദ്ധതി അട്ടിമറിക്കാനും ചാപ്പപ്പടിയിലെ മത്സ്യതൊഴിലാളികളെ കബളിപ്പിക്കാനും ശ്രമിച്ചാല്‍ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സി.പി.എം ഏരിയ സമിതി അംഗവും ജനകീയ വികസന മുന്നണി കണ്‍വീനറുമായ ടി. കാര്‍ത്തികേയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കളിയായി ഹാര്‍ബര്‍ ശിലാസ്ഥാപനം മാറരുതെന്നും ആത്മാര്‍ഥ നീക്കങ്ങള്‍ നടത്തിയാല്‍ പിന്തുണക്കുമെന്നും ജനകീയ വികസന മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് പറഞ്ഞു. അതിനിടെ നിര്‍ദിഷ്ട ഹാര്‍ബര്‍ ഘടനയില്‍ ഒരു മാറ്റവുമില്ളെന്ന് വിവരാവകാശ നിയമം വഴി രേഖകള്‍ കരസ്ഥമാക്കിയ ചെട്ടിപ്പടി ഭാഗത്തുള്ളവര്‍ ഹാര്‍ബര്‍ സംരക്ഷണ സമിതി ചെയര്‍മാനില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, ഹൈകോടതിയില്‍നിന്ന് സ്റ്റേ ലഭിക്കണമെന്നാഗ്രഹിക്കുന്നത് ചാപ്പപ്പടിയിലെ മത്സ്യതൊഴിലാളികളെ കബളിപ്പിക്കാന്‍ ശ്രമിച്ചവരാണന്ന് ആലുങ്ങല്‍ ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ യാക്കൂബ് കെ. ആലുങ്ങല്‍ പറഞ്ഞു. നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും ഭരണാനുമതിയോ സാങ്കേതികാനുമതിയോ ആകാത്ത പദ്ധതിയുടെ തറക്കല്ലിടല്‍ മാമാങ്കം നടത്തി കൈകഴുകാന്‍ അനുവദിക്കില്ളെന്നും നഗരസഭ കൗണ്‍സിലര്‍ കെ.സി. നാസര്‍ പറഞ്ഞു. എന്നാല്‍, ഹാര്‍ബര്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ലീഗ് നേതാവ് അലി തെക്കേപാട്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.