അളക്കല്‍, പുഞ്ചക്കൊല്ലി കോളനികളില്‍ 2.27 കോടിയുടെ പദ്ധതി നടപ്പാക്കും

നിലമ്പൂര്‍: ആദിവാസി കോളനികളുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് വഴിക്കടവ് പഞ്ചായത്തിലെ അളക്കല്‍, പുഞ്ചക്കൊല്ലി കോളനികളുടെ അടിസ്ഥാന വികസനപ്രവര്‍ത്തനത്തിന് 2.27 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് ഇരുകോളനികളിലും പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച ഊരുകൂട്ടം വിളിച്ചു ചേര്‍ത്തു. തണ്ടര്‍ബോള്‍ട്ടിന്‍െറ സുരക്ഷാവലയത്തിലാണ് ഊരുകൂട്ടം വിളിച്ച് ചേര്‍ത്ത് കര്‍മപദ്ധതി തയാറാക്കിയത്. ചോലനായ്ക്ക-കാട്ടുനായ്ക്ക വിഭാഗം കുടുംബങ്ങളാണ് ഇരുകോളനികളിലുമായി അധിവസിക്കുന്നത്. ജനവാസകേന്ദ്രമായ ആനമറിയില്‍ നിന്ന് നാലും പതിമൂന്നും കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കോളനികള്‍. അളക്കല്‍ കോളനിയില്‍ 34 കുടുംബങ്ങളും പുഞ്ചക്കൊല്ലി കോളനിയില്‍ 61 കുടുംബങ്ങളുമാണുള്ളത്. ഇരുകോളനികളിലുമായി 361 ആണ് ജനസംഖ്യ. അളക്കല്‍ കോളനിയില്‍ വാസയോഗ്യമല്ലാത്ത ഒമ്പത് വീടുകള്‍ പുതുക്കി പണിയാനും 12 വീടുകള്‍ നവീകരിക്കാനും തീരുമാനിച്ചു. 12 വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകളാണ് പൊളിച്ചുമാറ്റി പുതിയവ നിര്‍മിക്കുക. ആറ് വര്‍ഷത്തോളം പഴക്കമുള്ള വീടുകള്‍ നവീകരിക്കും. എല്ലാ വീടുകള്‍ക്കും കക്കൂസുകള്‍ നിര്‍മിക്കും. കുടിവെള്ള പദ്ധതി, റോഡ് നവീകരണം എന്നിവ നടപ്പാക്കും. പുഞ്ചക്കൊല്ലി കോളനിയില്‍ പുതുതായി പത്ത് വീടുകള്‍ നിര്‍മിച്ച് നല്‍കും. 28 വീടുകള്‍ നവീകരിക്കും. കോളനി സംരക്ഷണത്തിന് മണ്ണ് സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് പുന്നപ്പുഴക്ക് കോളനിയുടെ ഭാഗത്ത് സംരക്ഷണ ഭിത്തി സ്ഥാപിക്കും. കോളനിയില്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്തും. പലകാരണങ്ങളാല്‍ തുടര്‍പഠനം മുടങ്ങിയ കോളനിയിലെ കുട്ടികളുടെ പഠനം സാധ്യമാക്കും. കോളനികളിലേക്കുള്ള അണ്ടര്‍ ഗ്രൗണ്ട് വൈദ്യുതി ലൈന്‍ വേഗത്തിലാക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. കോളനിയിലെ കാട്ടുമൃഗശല്യം തടയാന്‍ കോളനിക്ക് ചുറ്റും സൗരോര്‍ജവേലി സ്ഥാപിക്കും. തകര്‍ന്നുകിടക്കുന്ന ബാലവാടി കെട്ടിടം ബ്ളോക്ക് പഞ്ചായത്തിന്‍െറ കൂടി സഹായത്തോടെ പുതുക്കിപ്പണിയും. കോളനിയിലെ കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇവ നിര്‍മിച്ചു നല്‍കും. സ്വയം തൊഴിലിന്‍െറ ഭാഗമായി മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പോത്തുവളര്‍ത്തല്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. ഊരുകൂട്ടം പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍, ജില്ലാ പ്ളാനിങ് ഇന്‍ചാര്‍ജ്ജ് ഓഫിസര്‍, വനം, മണ്ണ് സംരക്ഷണ വിഭാഗം, റബര്‍ പ്രാന്‍േറഷന്‍ അധികൃതര്‍, ഗിരിജന്‍ സൊസൈറ്റി, മൃഗസംരക്ഷണം, പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍ ബ്ളോക്ക്-പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ഊരുകൂട്ടത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.