മലപ്പുറം: പത്താം ക്ളാസ് തുല്യതാ പഠിതാക്കള്‍ക്കൊപ്പം ക്ളാസിലിരുന്നാണ് ശ്രുതി 22ാം പിറന്നാളാഘോഷിച്ചത്. ഉയര്‍ന്ന ഗ്രേഡോടെ പരീക്ഷയും പാസായി. ശാരീരിക വിഷമതകള്‍ കാരണം അഞ്ചാം ക്ളാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന പാണ്ടിക്കാട് പൂളമണ്ണ ചേന്ദ്രവായില്‍ ശ്രുതിയെ കണ്ടാല്‍ കുഞ്ഞാണെന്നേ തോന്നൂ. ഇനിയും പഠിച്ച് ഉയരങ്ങളിലത്തെണമെന്ന് ആഗ്രഹമുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ചെയ്തുതരാന്‍ അമ്മ കൂടെ വേണമെന്നതിനാല്‍ വീട്ടിലെ കട്ടിലില്‍ത്തന്നെ ജീവിതം കഴിച്ചുകൂട്ടുന്നു ഈ മിടുക്കി. പൂളമണ്ണ വളവിലെ പരേതനായ ശിവശങ്കരന്‍െറയും സത്യഭാമയുടെയും മകളാണ് ശ്രുതി. നന്നേ ചെറുപ്പത്തില്‍ പിതാവ് മരിച്ചപ്പോള്‍ മകന്‍ ശ്രീനിവാസന്‍ വീടിന്‍െറ അത്താണിയായി. അമ്മയുടെ കൈപിടിച്ചാണ് ശ്രുതി പൂക്കുത്ത് ജി.എല്‍.പി സ്കൂളില്‍ പോയത്. കാലിന് ബലക്കുറവുണ്ടായിരുന്നു. പിന്നെ ഇത് വര്‍ധിക്കുകയും അരക്കു താഴെ തളരുകയും ചെയ്തു. അഞ്ചാം ക്ളാസിലത്തെിയപ്പോഴേക്കും കൊച്ചുകുഞ്ഞിനെപ്പോലെ വീണ്ടും അമ്മയുടെ ഒക്കത്തായി. ആറാം ക്ളാസ് മുതല്‍ തുവ്വൂരിലോ മറ്റോ പോയി പഠിക്കണം. ശ്രുതിയുടെ അവസ്ഥ കണ്ട പൂക്കുത്ത് സ്കൂളിലെ അധ്യാപകര്‍ ഒരു വര്‍ഷം കൂടി ഇവിടെ ഇരുത്തി. അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ശ്രുതി പിന്നീട് ഒരിക്കലും നടന്നില്ല. ഭക്ഷണം കൊടുക്കാനും മറ്റും അമ്മ രാവിലെ മുതല്‍ സ്കൂള്‍ വിടുവോളം കൂടെ നില്‍ക്കേണ്ട അവസ്ഥ. ഇതോടെ പഠനത്തില്‍ മറ്റാരേക്കാളും മുന്നില്‍നിന്ന ശ്രുതിയുടെ സ്കൂള്‍ ജീവിതം അഞ്ചാം ക്ളാസില്‍ അവസാനിച്ചു. അമ്മയോ ചേട്ടനോ പുറത്തുപോകുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന ബാലപ്രസിദ്ധീകരണങ്ങളായി പിന്നെ അക്ഷരക്കൂട്ട്. ചിത്രം വരച്ചും വൂളന്‍ നൂല്‍ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കിയും വീടിന്‍െറ ചുവരുകള്‍ക്കുള്ളില്‍ ബാല്യവും കൗമാരവും തീര്‍ത്തു. നാട്ടിലെ സാക്ഷരതാ പ്രവര്‍ത്തകരില്‍നിന്ന് തുല്യതാപഠനത്തെപ്പറ്റി അറിഞ്ഞ് ഒമ്പതുവര്‍ഷത്തിന് ശേഷം വീണ്ടും വിദ്യാര്‍ഥിനിയായി. പുസ്തകങ്ങള്‍ വീട്ടിലത്തെിച്ച് സഹോദരഭാര്യ ഷീജയുടെ സഹായത്താല്‍ പഠിച്ച് പാണ്ടിക്കാട് കേന്ദ്രത്തിലെ ഒന്നാം സ്ഥാനക്കാരിയായി 2013ല്‍ ഏഴാംതരം തുല്യത ജയിച്ചു. പത്താം ക്ളാസായിരുന്നു അടുത്ത ലക്ഷ്യം. ആഴ്ചയില്‍ ഒരു ദിവസം ക്ളാസ്. പ്രദേശത്തെ മറ്റ് പഠിതാക്കള്‍ക്കൊപ്പം അമ്മയുടെ ഒക്കത്തിരുന്ന് ശ്രുതിയും പോയി. ഈ കടമ്പയും കടന്നെങ്കിലും പാണ്ടിക്കാട്ട് പ്ളസ് ടു തുല്യതാകേന്ദ്രം ഇല്ലാത്തതിനാല്‍ പഠനം വീണ്ടും വഴിമുട്ടിയിരിക്കുകയാണ്. വണ്ടൂരിലേക്കോ മറ്റോ പോവുക പ്രയാസമാണെന്ന് സത്യഭാമ പറയുന്നു. ദീര്‍ഘനേരം കാല്‍ തൂക്കിയിട്ടിരുന്നാല്‍ നീര് വരും. എങ്കിലും പാണ്ടിക്കാട്ട് പ്ളസ് ടു വന്നാല്‍ ഒരു കൈ നോക്കാനാണ് തീരുമാനം. എപ്പോഴും ആരെങ്കിലുമായി സംസാരിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ശ്രുതിയുടെ നല്ലയോര്‍മകളില്‍ തുല്യതാപഠിതാക്കള്‍ക്കൊപ്പം മലമ്പുഴയില്‍ വിനോദയാത്ര പോയതാണ് ആദ്യമത്തെുക. ഇപ്പോള്‍ ഏട്ടന്‍െറ കുട്ടികളാണ് കൂട്ട്. തൊട്ടടുത്ത ക്ഷേത്രത്തില്‍ ഭജനയുണ്ടെങ്കില്‍ ചൊല്ലിക്കൊടുക്കാനും ശ്രുതിയുണ്ടാവും. പഞ്ചായത്ത് പ്രസിഡന്‍റ് ആസ്യ ടീച്ചറോടും മുനീര്‍ മാഷോടും വളവില്‍ വെളിച്ചം വായനശാലയോടുമാണ് താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതെന്ന് ശ്രുതി പറയുന്നു. വീട്ടിലിരുന്നെങ്കിലും കമ്പ്യൂട്ടര്‍ പഠിക്കാന്‍ അതിയായ ആഗ്രഹവുമുണ്ട്. അത് ആരു വാങ്ങിത്തരാനാണ് എന്ന് അമ്മ ചോദിക്കുമ്പോള്‍ നിസ്സഹായതയോടെ ചിരിക്കാന്‍ മാത്രം ശ്രുതിക്കറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.