പെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ നിന്ന് 2.89 കോടിയുടെ കുഴല്‍പ്പണവും 13 കിലോ വിദേശ നിര്‍മിത തങ്കക്കട്ടികളും കാറില്‍ കടത്തിക്കൊണ്ടുവന്ന കേസില്‍ അറസ്റ്റിലായി കോടതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളില്‍ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പാതാക്കര മനപ്പടി മാലാപറമ്പില്‍ വീട്ടില്‍ വിനോദ് കുമാര്‍ എന്ന വിനു (41), രാമപുരം സ്കൂള്‍പടി കുന്നത്തൊടി കെ.ടി. റഷീദ് (47), രാമപുരം സ്കൂള്‍പടി പയ്യാരക്കല്‍ മുഹമ്മദ് സലീം (32) എന്നിവരെയാണ് സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു ദിവസം ഇവരെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യാനും അനുമതി ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കണം. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ഗ്രൂപ്പുകളായി കഴിഞ്ഞ 25ന് തിരിച്ച സംഘം കൃഷ്ണഗിരിയില്‍ എത്തി, പിന്നീട് ഒന്നിച്ച് യാത്ര തുടരുന്നതറിഞ്ഞ് സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടര്‍ന്ന് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ കാര്‍ തടഞ്ഞ് സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1000, 500, 100 എന്നിവയുടെ 2,89,70,000 രൂപയുടെ നോട്ടുകളാണ് അന്ന് പിടികൂടിയത്. തങ്കക്കട്ടികളില്‍ അഞ്ചെണ്ണം റഷ്യന്‍ നിര്‍മിതവും രണ്ടണ്ണം യു.എ.ഇ അടയാളമുള്ളതും ബാക്കി ക്രൗണ്‍ മാര്‍ക്കുമുള്ളതുമാണ്. പിടിയിലായ പ്രതികള്‍ കരിയര്‍മാരാണ്. അതുകൊണ്ടുതന്നെ പണം, സ്വര്‍ണം എന്നിവയുടെ യഥാര്‍ഥ ഉടമ ആരെന്നും ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഇവ വിതരണം ചെയ്യുകയെന്നും പ്രതികളില്‍ നിന്ന് തന്നെ ചോദിച്ചറിയുകയാണ് അന്വേഷണ സംഘത്തിന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.