എന്നുവരും പുലാമന്തോളിലൊരു മൈതാനം: കാത്തിരുന്ന് കാത്തിരുന്ന്...

പുലാമന്തോള്‍: കളിസ്ഥലമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന പുലാമന്തോളുകാരുടെ ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ ഭരണസമിതി അധികാരമേറ്റതോടെ ചോദ്യത്തിന് അല്‍പം പ്രതീക്ഷ കൈവന്നിട്ടുണ്ട്. കാര്യം മറ്റൊന്നുമല്ല, യുവാവും കായികപ്രേമിയുമായ പഞ്ചായത്ത് പ്രസിഡന്‍റിലാണ് യുവജനങ്ങളുടെ പ്രതീക്ഷയത്രയും. യുവാക്കളുടെ ആഗ്രഹം മനസ്സിലാക്കി കഴിഞ്ഞ ഭരണസമിതി അവരുടെ പ്രഥമ നയപ്രഖ്യാപനത്തില്‍ പുലാമന്തോളില്‍ പൊതുകളിസ്ഥലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനം വാക്കില്‍മാത്രം ഒതുങ്ങി. ഫുട്ബാള്‍ ഗ്രൗണ്ട് നിര്‍മാണത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമിയെങ്കിലും വേണം. ഇതിനാവശ്യമായ ഭൂമി പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്‍െറ പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം. ഭൂമി വില കൊടുത്ത് വാങ്ങുകയാണ് മറ്റൊരു പോംവഴി. എന്നാല്‍ സെന്‍റിന് 20,000ഉം 30,000ഉം രൂപ വരെയാണ് സര്‍ക്കാറില്‍ നിന്നും ലഭിക്കുക. ഇത്രയും ചുരുങ്ങിയ സംഖ്യക്ക് പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ ഭൂമി കിട്ടാന്‍ പ്രയാസമാണ്. അതിനിടെ പുലാമന്തോള്‍ പുഴയില്‍ കുട്ടികള്‍ കളിക്കാനുപയോഗിച്ചിരുന്ന സ്ഥലം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഞ്ചു ലക്ഷവും പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷവും ചിലവഴിച്ച് കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ അതിന് തുടര്‍ച്ചയുണ്ടായില്ല. ഇതിനു പുറമെ പുഴയിലെ കളിസ്ഥലം വിപുലീകരിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങിയെങ്കിലും വഴിക്കുവെച്ചു മുടങ്ങി. ഇതോടെ ഫുട്ബാള്‍ പ്രേമികളായ യുവാക്കളുടെ പൊതുകളിസ്ഥലമെന്ന സ്വപ്ന സാക്ഷാത്കാരമാണ് നടക്കാതെ പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.