ബിയ്യം കായല്‍ വള്ളംകളി മത്സരം അലങ്കോലമായി

പൊന്നാനി: താലൂക്ക് ടൂറിസം വാരാഘോഷ കമ്മിറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ബിയ്യം കായലില്‍ സംഘടിപ്പിച്ച വള്ളംകളി മത്സരം അലങ്കോലമായി. ഇതോടെ മേജര്‍ വിഭാഗത്തിലെ വള്ളംകളി മത്സരം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴുമണി കഴിഞ്ഞിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ മേജര്‍ വള്ളങ്ങളുടെ മത്സരം മാറ്റിവെക്കുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ തീരേണ്ട മത്സരമാണ് സംഘാടനത്തിലെ പിഴവുമൂലം മാറ്റിവെക്കേണ്ടിവന്നത്. മൈനര്‍ എ, മൈനര്‍ ബി വിഭാഗം വള്ളംകളി മത്സരം നേരത്തേ പൂര്‍ത്തിയായിരുന്നു. മൈനര്‍ എ വിഭാഗത്തില്‍ കാഞ്ഞിരമുക്ക് നവയുഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ സൂപ്പര്‍ ജെറ്റും മുക്കട്ടക്കല്‍ സാന്‍റോസ് ക്ളബിന്‍െറ കൊച്ചു കൊമ്പനും കാഞ്ഞിരമുക്ക് പാടത്തങ്ങാടി യുവശക്തി ക്ളബിന്‍െറ വജ്രയുമാണ് ഫൈനലില്‍ മത്സരിച്ചത്. ഇതില്‍ സൂപ്പര്‍ജെറ്റ് ഒന്നാമതും കൊച്ചുകൊമ്പന്‍ രണ്ടാംസ്ഥാനവും നേടി. മൈനര്‍ ബി വിഭാഗത്തില്‍ മൂന്ന് ടീമുകളാണ് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ട് ടീമുകളെ മത്സരിച്ചുള്ളൂ. ഇതില്‍ ഗാങ് ഓഫ് പത്തായിയുടെ കുണ്ടുചിറച്ചുണ്ടന്‍ ഒന്നാമതും കടവനാട് യു.ബി.സിയുടെ പടക്കുതിര രണ്ടമാതും എത്തി. മേജര്‍ വിഭാഗത്തില്‍ ഏഴ് ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടന്ന ആദ്യ മത്സരമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നാലുമണിയോടെയാണ് മേജര്‍ മത്സരം തുടങ്ങിയത്. ആദ്യം മത്സരിച്ച മൂന്ന് ടീമുകളില്‍ എരിക്കമണ്ണ ന്യൂക്ളാസിക്കിന്‍െറ മണിക്കൊമ്പന്‍ ഒന്നാമതും കാഞ്ഞിരമുക്ക് പുളിക്കക്കടവ് ന്യൂ ടൂറിസ്റ്റ് ക്ളബിന്‍െറ പറക്കുംകുതിര രണ്ടാമതും നവയുഗം ക്ളബിന്‍െറ ജലറാണി മൂന്നാമതുമത്തെി. പടിഞ്ഞാറെക്കര നവജീവന്‍ ക്ളബിന്‍െറ സാഗരറാണി, പുളിക്കക്കടവ് ലക്കിസ്റ്റാര്‍ ക്ളബിന്‍െറ വാട്ടര്‍ ജെറ്റ്, നവയുഗം ക്ളബിന്‍െറ ജലറാണി എന്നിവ തമ്മില്‍ മത്സരം നടന്നപ്പോള്‍ വിജയികളെ കണ്ടത്തെുന്നതില്‍ സംഘാടകര്‍ക്കുണ്ടായ പിഴവാണ് മത്സരം അലങ്കോലമാവാന്‍ കാരണം. ജലറാണി, വാട്ടര്‍ജെറ്റ് എന്നീ മേജര്‍ വള്ളങ്ങളില്‍ ഏതാണ് മുന്നിലത്തെിയത് എന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജലറാണി ഒന്നാമതത്തെി എന്നായിരുന്നു വിധികര്‍ത്താക്കള്‍ അനൗണ്‍സ് ചെയ്തത്. എന്നാല്‍, നാട്ടുകാരും ക്ളബുകാരും വാട്ടര്‍ ജെറ്റാണ് വിജയിച്ചതെന്ന് തര്‍ക്കമുന്നയിച്ചു. ഇതോടെ സംഘാടകരും ആശയക്കുഴപ്പത്തിലാവുകയായിരുന്നു. നാട്ടുകാരും ക്ളബുകാരും സംഘാടകരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളി വരെയത്തെി. ഇതിനിടെ അനുരഞ്ജനമെന്ന നിലയില്‍ വാട്ടര്‍ജെറ്റും ജലറാണിയും വീണ്ടും മത്സരിക്കട്ടെ എന്ന് സംഘാടകര്‍ നിര്‍ദേശിച്ചെങ്കിലും വാട്ടര്‍ജെറ്റ് വള്ളം തയാറായില്ല. തുടര്‍ന്ന് മണിക്കൊമ്പന്‍, പറക്കും കുതിര എന്നീ മേജര്‍ വള്ളങ്ങളോടൊപ്പം ഫൈനലില്‍ വാട്ടര്‍ജെറ്റും ജലറാണിയും മത്സരിക്കട്ടെ എന്ന ധാരണയിലത്തെുകയായിരുന്നു. എന്നാല്‍, മൂന്ന് വള്ളങ്ങള്‍ക്ക് മത്സരിക്കാനുള്ള ട്രാക്ക് മാത്രമേ കായലില്‍ ഉണ്ടായിരുന്നുള്ളൂ. ഫൈനലില്‍ മത്സരിക്കേണ്ടതും മൂന്ന് വള്ളങ്ങളായിരുന്നു. സമയം ഇരുട്ടിയതിനാലും നാലു ട്രാക്കുകളില്ലാത്തും ചൂണ്ടിക്കാട്ടി മത്സരം അസാധ്യമാണെന്ന് വിളിച്ച് പറഞ്ഞ് നാട്ടുകാര്‍ സംഘാടകര്‍ ഇരിക്കുന്ന പവലിയനിലേക്ക് കയറിവന്നതോടെ മത്സരം നിര്‍ത്തിവെച്ചത്. ഫൈനല്‍ മത്സരം പിന്നീട് സംഘടിപ്പിക്കുമെന്ന തഹസില്‍ദാര്‍ പി.ജെ. ജോണിന്‍െറ അറിയിപ്പിനെ തുടര്‍ന്ന് പിരിഞ്ഞുപോകാന്‍ നാട്ടുകാരും ക്ളബുകാരും തയാറായില്ല. പൊലീസ് ഏറെ അധ്വാനിച്ചാണ് രംഗം ശാന്തമാക്കിയത്. നേരത്തെ വള്ളം കളി മത്സരം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി, തിരൂര്‍ ആര്‍.ഡി.ഒ ഡോ. ഒ.ജെ. അരുണ്‍, പി.വി. മാധവവാര്യര്‍, തഹസില്‍ദാര്‍ പി.ജെ. ജോണ്‍, സഫിയ മുഹമ്മദ് കുട്ടി, അഡ്വ. എ.എം. രോഹിത്, വി.പി. ഹുസൈന്‍ കോയ തങ്ങള്‍, സി.പി. മുഹമ്മദ് കുഞ്ഞി, പി.പി. യൂസഫലി, എ.കെ. മുഹമ്മദുണ്ണി, ടി.കെ. അഷ്റഫ്, എന്‍.കെ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.