തദ്ദേശ തെരഞ്ഞെടുപ്പ്: കരുവാരകുണ്ടിലും ചോക്കാട്ടും കാളികാവിലും ലീഗ് ഒറ്റക്ക് മത്സരിക്കും

കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ചോക്കാട്, കാളികാവ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളില്‍ തനിച്ച് മത്സരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തുവ്വൂരില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ളെങ്കില്‍ മാത്രം യു.ഡി.എഫായി മത്സരിക്കും. രണ്ട് ദിവസം മുമ്പ് കാളികാവില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തതായിരുന്നു കാളികാവ് മേഖലാ കണ്‍വെന്‍ഷന്‍. ഓരോ പഞ്ചായത്തുകളിലെയും സമഗ്ര റിപ്പോര്‍ട്ട് അതാത് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. ചോക്കാട് പഞ്ചായത്ത് സെക്രട്ടറി കെ. ഹൈദരലി, കാളികാവ് പഞ്ചായത്ത് സെക്രട്ടറി സി.പി. മുഹമ്മദാലി, കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി എന്‍. ഉണ്ണീന്‍കുട്ടി എന്നിവരുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയി മത്സരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്നും ലീഗിനെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ സി.പി.എമ്മുമായി രഹസ്യബന്ധം കൂടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. പിരിഞ്ഞുപോയവര്‍ തിരിച്ചുവരാത്ത കാലത്തോളം ലീഗ് തനിച്ചുതന്നെ മത്സരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കും നിയോജക മണ്ഡലം ഭാരവാഹികള്‍ക്കും ഇതേ വികാരംതന്നെയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി രമ്യതയില്‍ കഴിയുന്ന തുവ്വൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനത്തില്‍ മുന്നോട്ടുപോകുന്നതാണ് ഉചിതമെന്ന റിപ്പോര്‍ട്ടാണ് പി.എ. മജീദ് അവതരിപ്പിച്ചത്. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് നിലവിലില്ലാത്തതിനാല്‍ ത്രികോണ മത്സരം ഏതാണ്ട് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുസ്ലിംലീഗ് തുടങ്ങിക്കഴിഞ്ഞു. വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ചേരുകയും സ്ഥാനാര്‍ഥിപ്പട്ടികക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ വാര്‍ഡുകളിലേക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്തതായാണ് വിവരം. അതേസമയം, ഗ്രാമപഞ്ചായത്ത് തലത്തില്‍ കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് തീരുമാനത്തിലത്തെിയെങ്കിലും ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ എന്തു നിലപാടെടുക്കും എന്നതില്‍ ധാരണയായിട്ടില്ല. എങ്കിലും കാളികാവ് ബ്ളോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് ആധിപത്യത്തിന് തടയിടണമെന്ന വികാരവും യോഗത്തിലുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.